Breaking

Sunday, May 2, 2021

തിരൂരങ്ങാടിയിലും കൊടുവള്ളിയിലും കടുത്ത മത്സരം; കെപിഎ മജീദ് പിന്നില്‍

മലപ്പുറം: മുസ്ലിംലീഗിന്റെ ഉറച്ചകോട്ടയായ തിരൂരങ്ങാടിയിൽ കനത്ത പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ. മജീദിനെതിരെ ഇടത് സ്വതന്ത്രൻ നിയാസ് പുളിക്കലകത്ത് 211 വോട്ടിന്റെ ലീഡ് നേടി. കഴിഞ്ഞ തവണ കടുത്ത മത്സരം നടത്തി ലീഗിന്റെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാക്കാൻ നിയാസിന് കഴിഞ്ഞിരുന്നു. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ഇത്തവണ വീണ്ടും നിയാസിനെ തന്നെ രംഗത്തിറക്കിയപ്പോൾ ഒരു അട്ടിമറി പ്രതീക്ഷയാണ് ഇടത് മുന്നണിക്കുണ്ടായിരുന്നത്. സി.പി.ഐ. സ്വതന്ത്രനായിട്ടാണ് നിയാസ് മത്സരിക്കുന്നത്. 2016-ൽ പി.കെ.അബ്ദുറബ്ബ് നിയാസിനെതിരെ 6043 വോട്ടുകൾക്കാണ് ലീഡ് നേടിയത്. കൊടുവള്ളിയിൽ പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീറും സിറ്റിങ് എംഎൽഎ കാരാട്ട് റസാഖും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നേരിയ ഭൂരിപക്ഷം നിലവിൽ മുനീറിനാണ്. കഴിഞ്ഞ തവണ കാരാട്ട് റസാഖ് കൊടുവള്ളിയിൽ 573 വോട്ടിനാണ് വിജയിച്ചത്. അതേ സമയം മുനീറിന്റെ സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്തിലും മുസ്ലീംലീഗ് പിന്നിലാണ്. ഇവിടെ ഇത്തവണ രംഗത്തിറക്കിയ വനിതാ സ്ഥാനാർഥി നൂർബിന റഷീദ് ഐ.എൻ.എലിന്റെ അഹമ്മദ് ദേവർ കോവിലിനോട് 3156 വോട്ടിനാണ് പിന്നിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2RbQ5f3
via IFTTT