വടകര മണ്ഡലത്തിനൊരു ചരിത്രമുണ്ട്. 1957-ലെ ആദ്യ തിരഞ്ഞെടുപ്പിലൊഴികെ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും സോഷ്യലിസ്റ്റുകൾമാത്രം വിജയിച്ച മണ്ണ്. ആ ചരിത്രം കെ.കെ. രമയുടെ കുതിപ്പിൽ വഴിമാറി. അരനൂറ്റാണ്ടിനുശേഷമാണ് സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നല്ലാത്ത ഒരാൾ വടകരയുടെ ജനപ്രതിനിധിയാകുന്നത്. രമ സ്ഥാനാർഥിയായതോടെയാണ് വടകര ശ്രദ്ധാകേന്ദ്രമായത്. സംസ്ഥാനത്തുടനീളം മികച്ചവിജയം നേടിയിട്ടും വടകരയിൽ ആർ.എം.പി.യോട് പരാജയപ്പെട്ടത് ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.എമ്മിനും വലിയ തിരിച്ചടിയായി. തട്ടകമായ വടകരയിൽ തോറ്റത് എൽ.ജെ.ഡി.ക്കും ക്ഷീണമായി. അതേസമയം, ആർ.എം.പി.യെ മുന്നിൽനിർത്തി പോരാട്ടം നയിച്ച യു.ഡി.എഫിന് വടകരയിലെ ജയം ആശ്വാസംപകരുന്നതായി. സോഷ്യലിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും തട്ടകമായ വടകര യു.ഡി.എഫിന് എന്നും ബാലികേറാമലയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിൽ ജനതാദളിലെ പ്രബലമായ വിഭാഗം യു.ഡി.എഫിനൊപ്പമായിട്ടും ജയിക്കാൻ സാധിച്ചില്ല. അന്ന് ആർ.എം.പി. തനിച്ചുമത്സരിച്ചിരുന്നു. ഇത്തവണ അങ്ങനെ മത്സരിച്ചാൽ എൽ.ഡി.എഫ്. വിരുദ്ധവോട്ടുകൾ ഭിന്നിക്കപ്പെടും എന്നതിനാൽ അടവുനയം സ്വീകരിക്കാൻ ആർ.എം.പി. തീരുമാനിക്കുകയായിരുന്നു. ഫലിച്ചത് ടി.പി. ഇഫക്ട്... മറ്റെല്ലായിടത്തും എൽ.ഡി.എഫ്. അനുകൂലതരംഗമുണ്ടായിട്ടും വടകരയിൽ ഇതുഫലിക്കാതെ പോയതിന്റെ കാരണം കെ.കെ. രമയുടെ സ്ഥാനാർഥിത്വവും ടി.പി. ചന്ദ്രശേഖരൻ വധവുമാണെന്നാണ് വിലയിരുത്തൽ. ടി.പി. ചന്ദ്രശേഖരന്റെ ചോരയ്ക്ക് കണക്കുപറയാനാണ് ടി.പി.യുടെ ഭാര്യ രമ വടകരയിൽ മത്സരിക്കുന്നതെന്ന പ്രഖ്യാപനവുമായാണ് ആർ.എം.പി. മത്സരരംഗത്തെത്തിയത്. പ്രചാരണത്തിലുടനീളം അവർ ടി.പി.വധവും അക്രമരാഷ്ട്രീയവും ഉയർത്തിപ്പിടിച്ചു. എന്നാൽ, എൽ.ഡി.എഫ്. ടി.പി.യുടെയോ രമയുടെയോ പേരുപോലും ഉച്ചരിക്കാതെ ആ ചർച്ചകളിൽനിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറി. വികസനം മാത്രം ഉയർത്തിപ്പിടിച്ചു. ഒമ്പതുവർഷം കഴിഞ്ഞിട്ടും ടി.പി. വധം വടകര മറന്നിട്ടില്ലെന്ന് പ്രചാരണത്തിൽ വ്യക്തമായിരുന്നെന്ന് ആർ.എം.പി. നേതാക്കൾ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/336yg3B
via
IFTTT