Breaking

Monday, May 3, 2021

തലയെടുപ്പുള്ള നേതാവ്, കയറ്റിറക്കങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതം

കൊട്ടാരക്കര: ഏറെ തെറ്റിദ്ധരിക്കപ്പെട്ട പൊതുപ്രവർത്തകനാണ് താൻ, രാഷ്ട്രീയശത്രുക്കളുടെ നിറംപിടിപ്പിച്ച നുണക്കഥകളാൽ വലഞ്ഞവൻ...; ബാലകൃഷ്ണപ്പിള്ളയുടെ ആത്മകഥയിലെ വാക്കുകളിൽ വേട്ടയാടപ്പെട്ട മനുഷ്യന്റെതേങ്ങലുകളായിരുന്നു പ്രതിഫലിച്ചത്. ശത്രുക്കളുടെ കല്ലേറിനുമുന്നിൽ കുനിയാത്ത തലയെടുപ്പോടെ ബാലകൃഷ്ണപിള്ള എന്നും തലയുയയർത്തി നിന്നിരുന്നു. മന്നത്ത് പദ്മനാഭന്റെ കൈപിടിച്ച് പൊതുമണ്ഡലത്തിലേക്ക് കാലൂന്നിയ ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ തിരനോട്ടം കയറ്റിറക്കങ്ങളുടേതുതന്നെയാണ്. 1947ൽ വാളകം ഹൈസ്കൂളിൽ നാലാംഫോറത്തിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്സ് യൂണിയനിൽ പി.കെ.വി.യിൽനിന്ന് നാല് ചക്രത്തിന്റെ അംഗത്വമെടുത്ത് തുടങ്ങിയതാണ് ആ രാഷ്ട്രീയജീവിതം. കമ്യൂണിസ്റ്റുകാരനായി ആരംഭിച്ച രാഷ്ട്രീയബോധം യൗവനത്തിൽ കോൺഗ്രസിലേക്ക് വഴിമാറി. കീഴൂട്ട് ഒരു കുഞ്ഞുമരിച്ചാൽ അതിനെ അടക്കണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണമെന്ന് വാളകത്ത് വീട്ടുമുറ്റത്തുനിന്ന് കെ.ആർ.ഗൗരിയമ്മ പ്രസംഗിച്ചത് പിള്ളയുടെ മനസ്സിൽ കനലായി. മന്നത്ത് പദ്മനാഭന്റെ ആശീർവാദത്തോടെ സമുദായപ്രവർത്തനത്തിനിറങ്ങി. 1960ൽ പത്തനാപുരത്ത് അധ്യാപകനായ എൻ.രാജഗോപാലൻ നായർക്കെതിരേ കന്നിയങ്കത്തിനിറങ്ങുമ്പോൾ അനാഗതശ്മശ്രു-മീശമുളയ്ക്കാത്തവൻ- എന്ന് കമ്യൂണിസ്റ്റ് നേതാവ് പി.ടി.പുന്നൂസിന്റെ ആക്ഷേപം. കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിള്ളയുടെ രാഷ്ട്രീയക്കുതിപ്പാണ് പിന്നെക്കണ്ടത്. 1960, 65, 77, 80, 82, 87, 91, 96, 2001 വർഷങ്ങളിൽ നിയമസഭയിലേക്കും. 1971ൽ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ട്രാൻസ്പോർട്ട്, എക്സൈസ്, ജയിൽ, വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായി. 1964 മുതൽ 87 വരെ ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും 1987 മുതൽ 95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. കെ.പി.സി.സി., എ.ഐ.സി.സി. എക്സിക്യുട്ടീവ് കമ്മിറ്റികളിൽ അംഗമായിരുന്ന പിള്ള പി.ടി.ചാക്കോ എന്ന രാഷ്ട്രീയഗുരുവിനെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. ആർ. ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടുചെയ്തത് പി.ടി. ചാക്കോയെ പിന്നിൽനിന്ന് കുത്തിയവർക്കുള്ള മറുപടിയായിരുന്നു. കേരള കോൺഗ്രസിന്റെയും കേരളത്തിലെ യു.ഡി.എഫിന്റെയും സ്ഥാപകനേതാവായി പിള്ള വളർന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽനിന്നിറങ്ങിയ പിള്ള ജയിൽമന്ത്രിയാകുന്നതും കേരളം കണ്ടു. കേരള കോൺഗ്രസുകൾ തലങ്ങും വിലങ്ങും പിളർന്നപ്പോഴും പിള്ള വളർന്നു. കേരളത്തിന് നൽകാമെന്ന് കേന്ദ്രം ഏറ്റിരുന്ന റെയിൽവേ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതിന്റെ പ്രതിഷേധം പഞ്ചാബ് മോഡൽ പ്രസംഗം എന്ന വിവാദത്തിലും മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയിലേക്കും എത്തിയത് രാഷ്ട്രീയകേരളം മറക്കില്ല. 1980-81ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന പിള്ള, തുടർന്നുവന്ന കരുണാകരൻ മന്ത്രിസഭയിലും വൈദ്യുതിമന്ത്രിയായി. ഇടുക്കി രണ്ടാംഘട്ടം, ലോവർ പെരിയാർ, ഇടമലയാർ, കക്കാട്, കുറ്റ്യാടി, അഴുത, നാരകക്കാനം തുടങ്ങി ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ യാഥാർഥ്യമായത് ഈ കാലയളവിലായിരുന്നു. ഇതിൽ ഇടമലയാർ രാഷ്ട്രീയജീവിതത്തിലെ കറുത്ത പൊട്ടായിമാറി. നാടിനെ സേവിച്ചതിന് രാഷ്ട്രീയശത്രുക്കൾ വാങ്ങിനൽകിയത് ജയിൽജീവിതമാണെന്ന് പിള്ള ഇതേക്കുറിച്ചുപറയുന്നു. കൊട്ടാരക്കരയിൽ കൊടിക്കുന്നിലിന്റെ ഉദയത്തോടെ കോൺഗ്രസുമായുള്ള പിള്ളയുടെ ബന്ധത്തിൽ വിള്ളലുകളുണ്ടായി. 2006ൽ കൊട്ടാരക്കരയിൽ പരാജയപ്പെട്ടത് ഒപ്പംനിൽക്കുന്നവർ ചതിച്ചതിനാലാണെന്ന് പിള്ള ഉറച്ചുവിശ്വസിച്ചു. പാർട്ടിക്കുള്ളിൽ മകനുമായുണ്ടായ ഭിന്നത കേരള കോൺഗ്രസി(ബി)ൽ പിളർപ്പിന്റെ വക്കോളമെത്തിയെങ്കിലും പിള്ളയെന്ന രാഷ്ട്രീയചാണക്യനുമുന്നിൽ വിമതരും മകനും മുട്ടുമടക്കുന്നകാഴ്ച കേരളം കണ്ടു. മകന്റെ മന്ത്രിസ്ഥാനം കളയാൻ വാശിപിടിച്ച അതേ പിള്ളതന്നെ അത് തിരികെക്കിട്ടാൻ വാശിപിടിക്കുകയും ചെയ്തു. ഉമ്മൻചാണ്ടി വാക്കുതെറ്റിച്ചപ്പോൾ മൂന്നരപ്പതിറ്റാണ്ടുനീണ്ട യു.ഡി.എഫ്. ബാന്ധവം ഉപേക്ഷിക്കാനും പിള്ള മടിച്ചില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3nHXcIv
via IFTTT