Breaking

Monday, May 3, 2021

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി, എംഎല്‍എ ഓഫീസ്; പാലക്കാട്ടേത് പാളംതെറ്റിയ പരീക്ഷണം

പാലക്കാട്: പാമ്പൻപാലവും മെട്രോയും ആരാധ്യപുരുഷനാക്കിയ ഇ. ശ്രീധരനെ മുൻനിർത്തി പാലക്കാട് നിയമസഭാമണ്ഡലത്തിൽ ബി.ജെ.പി.യും എൻ.ഡി.എ.യും നടത്തിയ പരീക്ഷണം പാളി.തദ്ദേശതിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയ വിജയം ബി.ജെ.പി.ക്ക് വലിയ ആത്മവിശ്വാസം പകർന്നിരുന്നു. ആർ.എസ്.എസിന്റെ മേൽനോട്ടത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും ഫലംകാണുമെന്ന് അവർ പ്രതീക്ഷ പുലർത്തി. പക്ഷേ, നഗരസഭയ്ക്കുപുറത്തുള്ള പഞ്ചായത്തുകൾ പരീക്ഷണത്തെ പരാജയപ്പെടുത്തി. തികച്ചും അപ്രതീക്ഷിതമായാണ് ഇ. ശ്രീധരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. തൃപ്പൂണിത്തുറയിലേക്കുൾപ്പെടെ പറഞ്ഞുകേട്ടിരുന്നെങ്കിലും മത്സരിക്കുന്നെങ്കിൽ സ്വന്തംനാടായ പാലക്കാട്ട് എന്ന ശ്രീധരന്റെ ആത്മവിശ്വാസം ബി.ജെ.പി. ദേശീയനേതൃത്വം മുഖവിലയ്ക്കെടുക്കുകയായിരുന്നു. പ്രചാരണത്തിലും വികസനമൊഴികെ മറ്റൊന്നും അദ്ദേഹം സംസാരിച്ചില്ല. വിജയിച്ച് ജനപ്രതിനിധിയായാൽ പാലക്കാട്ടേക്ക് ഒരു ഓഫീസും അദ്ദേഹം ഒരുക്കിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ട് ഇ. ശ്രീധരന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിനെത്തി. പാലക്കാട് നഗരസഭാപരിധിയിൽ മികച്ച ലീഡ് നേടാൻ ബി.ജെ.പി.ക്കുകഴിഞ്ഞു. വോട്ടെണ്ണൽ നഗരസഭാപരിധിയുടെ പുറത്തേക്കെത്തിയതോടെ ലീഡ് കുറഞ്ഞുവന്നു.നഗരസഭയിലെ ബൂത്തുകൾ ഉൾപ്പെടുന്ന ആദ്യ 10 റൗണ്ടുകൾ എണ്ണീത്തീർത്തപ്പോൾ 9146 വോട്ടിന്റെ ലീഡാണ് എൻ.ഡി.എ. സ്ഥാനാർഥിക്ക് നേടാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, മണ്ഡലപരിധിയിലെ പഞ്ചായത്തുകളിൽ ബി.ജെ.പി. വോട്ടുനില ഉയർത്തിയെങ്കിലും ഒരു പഞ്ചായത്തിലും ലീഡ് നേടാനായില്ല. യു.ഡി.എഫിന്റെ വോട്ടുകൾ ഭിന്നിച്ച് എൽ.ഡി.എഫിലേക്കുപോകുമെന്നും ഇത് തങ്ങൾക്ക് സഹായകമാകുമെന്നും ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതും ഉണ്ടായില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3t7uu4I
via IFTTT