ബെംഗളൂരു: സൈന്യത്തിന്റെ ഭാഗമായി ആദ്യമായി വനിതാ മിലിട്ടറി പോലീസെത്തുമ്പോൾഅതു ചരിത്രത്തിലേക്കുള്ള കാൽവെപ്പാകും. മേയിൽ പരിശീലനം പൂർത്തിയാക്കുന്ന 100 വനിതകളടങ്ങുന്ന ആദ്യ ബാച്ചിൽ ആറു മലയാളികളുണ്ടെന്നതിൽ കേരളത്തിനും അഭിമാനിക്കാം. ബെംഗളൂരു ഓസ്റ്റിൻടൗണിലെ മിലിട്ടറി പോലീസ് കോർ (സി.എം.പി.) ക്യാമ്പിലെ 61 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ‘ലാൻസ് നായ്ക്’ മാരായി മേയ് എട്ടിനു പുറത്തിറങ്ങും. ട്രെയിനിങ് ഓഫീസർ ലെഫ്. കേണൽ ജൂലിയുടെ നേതൃത്വത്തിലാണ് കരസേനയുടെ ആദ്യ വനിതാ മിലിട്ടറി പോലീസിന് പരിശീലനം നൽകുന്നത്. മായാ സജീഷ് (കൽപ്പാത്തി), ടി. വിസ്മയ (എടപ്പാൾ), എ. മാളു, ജനിക എസ്. ജയന് (കരുനാഗപ്പള്ളി), പി.എസ്. അർച്ചന (തിരുവനന്തപുരം), എസ്.ആർ. ഗൗരി (വെഞ്ഞാറമൂട്) എന്നിവരാണ് ആദ്യ വനിതാ ബാച്ചിലെ മലയാളികൾ. 2020 ജനുവരി ആറിനാണ് പരിശീലനം തുടങ്ങിയത്. 2037-ഓടെ 1,700 വനിതാ മിലിട്ടറി പോലീസിനെ നിയമിക്കാനാണ് പ്രതിരോധമന്ത്രാലയം ലക്ഷ്യമിടുന്നത്. യൂണിഫോമും ജോലികളും പുരുഷ മിലിട്ടറി പോലീസിനു സമാനമാണ്. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിനാവശ്യമുള്ളപ്പോൾ പോലീസ് സഹായം നൽകുക തുടങ്ങിയവയാണ് ചുമതലകൾ. യുദ്ധസമയത്ത് ഉത്തരവാദിത്തം കൂടും. യുദ്ധത്തിലേർപ്പെടുന്നവരെ കൃത്യസ്ഥലത്തെത്താൻ സഹായിക്കുക, യുദ്ധത്തടവുകാരെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകൾ നടത്തുക, പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യം തിരച്ചിൽ നടത്തുമ്പോൾ സ്ത്രീകളെ പരിശോധിക്കുക, അതിർത്തികളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ താമസക്കാരെ ഒഴിപ്പിക്കുക, അഭയാർഥിസംഘങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ ചുമതലകളാണ്. പരിശീലനം61 ആഴ്ച പരിശീലനത്തിൽ 29 ആഴ്ച അടിസ്ഥാന പരിശീലനവും 26 ആഴ്ച അഡ്വാൻസ്ഡ് പരിശീലനവുമാണ്. ആറാഴ്ച അവധിയാണ്. ബലാത്സംഗം, ആത്മഹത്യ, പോക്സോ കേസുകളിലെ അന്വേഷണം, യുദ്ധത്തടവുകാരെ പാർപ്പിക്കുന്ന രീതി, മിലിട്ടറി പോലീസ് റിപ്പോർട്ട്, കൺട്രോൾ റൂം മാനേജ്‌മെന്റ്, ട്രാഫിക് മാനേജ്‌മെന്റ് തുടങ്ങിയവയാണ് അഡ്വാൻസ്ഡ് പരിശീലനത്തിൽ ഉൾപ്പെടുന്നത്. ശാരീരിക പരിശീലനം, ആയുധ പരിശീലനം, നീന്തൽ, ഡ്രൈവിങ് (വലിയ വാഹനങ്ങളുൾപ്പെടെ) എന്നിവയാണ് അടിസ്ഥാന പരിശീലനത്തിൽ ഉൾപ്പെടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/31GjpME
via
IFTTT