പിണറായി: ഇനി മത്സരിക്കാനില്ലെന്ന മന്ത്രി ഇ.പി. ജയരാജന്റെ നിലപാടിൽ അന്തിമതീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘കമ്യൂണിസ്റ്റുകാർക്കും നേതാക്കന്മാർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. അത് പാർട്ടി മാനിക്കാറുമുണ്ട്. എന്നാൽ, അവസാന തീരുമാനം പാർട്ടിയെടുക്കും. അത് എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ് പാർട്ടിയുടെ പൊതുരീതി. അതിനപ്പുറം എന്താണ് അദ്ദേഹം പറഞ്ഞതെന്നറിയില്ല. -പിണറായി പറഞ്ഞു.പിണറായി വിജയന്റെ മകളുടെ ഐ.ടി. സ്ഥാപനത്തിൽ റെയ്ഡ് നടന്നേക്കാമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെയും മുഖ്യമന്ത്രി പരിഹസിച്ചു. ‘‘മുല്ലപ്പള്ളി അമിത് ഷായുടെ സഹമന്ത്രിയായോ എന്നറിയില്ല. അത്രകഠിനവിവരം അദ്ദേഹത്തിന് എവിടന്ന് കിട്ടിയെന്നറിയില്ല. മുല്ലപ്പള്ളി പണ്ട് കേന്ദ്രത്തിൽ കോൺഗ്രസിന്റെ ആഭ്യന്തരമന്ത്രിയായിരുന്നു. അന്നു കുറെ ശ്രമം നടത്തിയതാണ്. പക്ഷേ, അന്നുമിന്നും പിണറായി വിജയൻ ഇങ്ങനെത്തന്നെയുണ്ട്’’ -ലാവലിൽ കേസ് പരാമർശിക്കാതെ പിണറായി പറഞ്ഞു.‘‘ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങൾ നടക്കണമെങ്കിൽ നിങ്ങൾ ആരെയാണോ ക്രൂശിക്കാൻ പുറപ്പെടുന്നത് അയാൾകൂടി സഹകരിക്കണം. ചില അബദ്ധങ്ങളും തെറ്റുകളും അയാൾ കാണിക്കണം. അതുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഒന്നും ചെയ്യാൻ പറ്റാതിരുന്നത്. ആ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടാ. ഇനി മുല്ലപ്പള്ളിക്ക് അത്ര പിടിപാടുണ്ടെങ്കിൽ നോക്ക്’’ -മുഖ്യമന്ത്രി വെല്ലുവിളിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2QQkNdo
via
IFTTT