Breaking

Friday, April 2, 2021

ലക്ഷ്യം ലക്ഷക്കണക്കിന് വോട്ട്, രജനിക്കുള്ള പുരസ്‌കാരം ബി.ജെ.പി.യുടെ തന്ത്രമെന്ന് സൂചന

ചെന്നൈ: രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചത് നിയമസഭാതിരഞ്ഞെടുപ്പുവേളയിലെ ബി.ജെ.പി.യുടെ തന്ത്രമെന്ന് വിലയിരുത്തൽ. വോട്ടെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിയിരിക്കെയാണ് തമിഴകത്തെ സൂപ്പർസ്റ്റാറിന് സിനിമാരംഗത്തെ പരമോന്നത പുരസ്കാരം പ്രഖ്യാപിച്ചത്. അവാർഡ് പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് രജനി ആരാധകരുടെ വോട്ടുകൾ എൻ.ഡി.എ. സഖ്യത്തിലേക്ക് എത്തിക്കുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നാണ് സൂചന. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യത്തിലാണ്. 2016-ൽ രജനിക്ക് പത്മവിഭൂഷൺ ബഹുമതി ലഭിച്ചിരുന്നു. അന്നും കേന്ദ്രം ഭരിച്ചത് ബി.ജെ.പി. സർക്കാരാണ്. തൊട്ടടുത്ത വർഷമാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. ആത്മീയരാഷ്ട്രീയം മുന്നോട്ടുവെച്ച രജനിയെ ഒപ്പംകൂട്ടാൻ ബി.ജെ.പി. പലശ്രമവും നടത്തിയിരുന്നു. നോട്ടുനിരോധനത്തെയും സി.എ.എ.യും രജനി പിന്തുണച്ചത് ബി.ജെ.പി.യോടുള്ള അടുപ്പമായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് രജനിക്കുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരപ്രഖ്യാപനം. രജനീകാന്തിനെക്കാൾ മുമ്പ് സിനിമയിലെത്തിയ, മൂന്നു ദേശീയ അവാർഡുകൾ നേടിയ കമൽഹാസനെ എന്തുകൊണ്ട് പുരസ്കാരത്തിന് പരിഗണിച്ചില്ല എന്നും ചോദ്യമുയരുന്നുണ്ട്. ബി.ജെ.പി.യുടെ കടുത്ത വിമർശകനാണ് കമൽഹാസൻ. മാത്രമല്ല, കോയമ്പത്തൂർ സൗത്തിൽ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്ന കമൽഹാസന്റെ പ്രധാന എതിരാളി ബി.ജെ.പി. നേതാവ് വാനതി ശ്രീനിവാസനാണ്. ഏതാനും ദിവസംമുമ്പ് മോദിയെയും അമിത്ഷായെയും സംവാദത്തിന് വെല്ലുവിളിച്ച് കമൽ രംഗത്തെത്തിയിരുന്നു. content highlights:Rajanis Phalke award controversy


from mathrubhumi.latestnews.rssfeed https://ift.tt/2PQRh72
via IFTTT