Breaking

Friday, April 2, 2021

ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ല, എന്നാല്‍ ആശയയോജിപ്പില്ല -രാഹുല്‍

കല്പറ്റ/തിരുവമ്പാടി/അരീക്കോട്: ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മാനന്തവാടിയിലെ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിപാർക്കിലെ വേദിയിൽ ഡി.വൈ.എഫ്.ഐ.യുടെ പരിപാടി നടക്കുന്നതിനിടെയാണ് രാഹുൽഗാന്ധിയുടെ പ്രസംഗം. അവരുമായി ചർച്ച, വിയോജിപ്പ്, വാദപ്രതിവാദം എല്ലാം നടത്തും. പക്ഷേ, ഒരിക്കലും വെറുക്കാൻ കഴിയില്ല. നാമെല്ലാം സഹോദരങ്ങളാണ്. ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത്. അവർക്ക് അവരുടെ കാര്യങ്ങളും നമുക്ക് നമ്മുടെ കാര്യങ്ങളും പറയാനുള്ള സാഹചര്യമുണ്ടാവണം. ഏതാശയം സ്വീകരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ -അദ്ദേഹം പറഞ്ഞു. സ്വന്തം ലോക്സഭാ മണ്ഡലമായ വയനാടിന്റെ ഭാഗമായുള്ള അഞ്ചു നിയമസഭാമണ്ഡലങ്ങളിൽ വ്യാഴാഴ്ച രാഹുൽഗാന്ധി പ്രചാരണത്തിനെത്തി. വയനാട്ടിൽ മാനന്തവാടിക്കുപുറമേ, സുൽത്താൻ ബത്തേരി, കല്പറ്റ എന്നിവിടങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടി. കോഴിക്കോട് തിരുവന്പാടി മണ്ഡലത്തിലെ കൂടരഞ്ഞിയിലും മലപ്പുറത്ത് അരീക്കോട്ടും തിരഞ്ഞെടുപ്പുയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. സി.എ.എ. നടപ്പാക്കാൻ അനുവദിക്കില്ല അരീക്കോട് (മലപ്പുറം): യു.ഡി.എഫ്. അധികാരത്തിൽവന്നാൽ പൗരത്വനിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പര്യടനാർഥം അരീക്കോട്ടെത്തിയ അദ്ദേഹം റോഡ് ഷോയ്ക്കിടെ പ്രസംഗിക്കുകയായിരുന്നു. സി.എ.എ.യെക്കുറിച്ച് ഇന്നാട്ടുകാർക്ക് ആശങ്കയുണ്ടെന്ന് എനിക്കറിയാം. എന്നാൽ, അതിന്റെ ആവശ്യമില്ല. അത് നടപ്പാക്കാൻ യു.ഡി.എഫ്. അനുവദിക്കില്ല. അസമിലും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെയും ഞാൻ ആ വാക്കുതരുകയാണ് -രാഹുൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/31EEWp1
via IFTTT