Breaking

Friday, March 12, 2021

ദേശീയ വോളിയില്‍ കേരള വനിതകള്‍ക്ക് ഹാട്രിക് കിരീടം

ഭുവനേശ്വർ: റെയിൽവേയുടെ പാളം തെറ്റിച്ച് കേരള വനിതകൾ ദേശീയ വോളിബോളിൽ ഹാട്രിക് കിരീടം തികച്ചു. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് റെയിൽവേസിനെ തോൽപ്പിച്ചു (25-20, 27-25, 25-13). പരിശീലകൻ ഡോ. സി. എസ്. സദാനന്ദന്റെ കീഴിലാണ് കേരളം തുടർച്ചയായ മൂന്നാം കിരീടം നേടുന്നത്. കെ.എസ്. ജിനിയാണ് ടീമിനെ നയിച്ചത്. പുരുഷ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലിൽ കേരളം റെയിൽവേയെ തോൽപ്പിച്ചു (36-38, 25-18, 23-25, 25-21, 15-12). അസമിനെ കീഴടക്കി ഹരിയാന കിരീടം (25-23, 25-18, 25-19) നേടി. വനിതാ ഫൈനലിലെ ആദ്യ രണ്ടു സെറ്റുകളിൽ കടുത്തപോരാട്ടം നടന്നു. രണ്ടാം സെറ്റിൽ ഓരോ പോയന്റിനും ഇരുടീമുകളും ശക്തമായി പോരാടി. മൂന്നാം സെറ്റിൽ കാര്യമായ എതിർപ്പില്ലാതെ കേരളം കിരീടമുറപ്പിച്ചു. സെറ്റർ ജിനിയും ലിബറോ അശ്വതി രവീന്ദ്രനും അറ്റാക്കിങ്ങിൽ ശ്രുതിയും തകർപ്പൻ ഫോമിലേക്കുയർന്നത് കേരള വിജയത്തിൽ നിർണായകമായി. മൂന്നുതവണയും റെയിൽവേസിനെയാണ് കേരളം ഫൈനലിൽ കീഴടക്കിയത്. കേരള ടീം: കെ.എസ്. ജിനി, എം.ആർ. ആതിര, അഞ്ജുമോൾ, അഞ്ജു ബാലകൃഷ്ണൻ, എസ്. സൂര്യ, എം. ശ്രുതി, കെ.പി. അനുശ്രീ, എൻ.എസ്. ശരണ്യ, കെ.ബി. വിജിന, മായ തോമസ്, അനഘ, അശ്വതി രവീന്ദ്രൻ. രാധിക കപിൽദേവ് (സഹപരിശീലക). ചാർലി ജേക്കബ് (മാനേജർ). കിരീടത്തിലെ ആനന്ദം ദേശീയ വോളിയിൽ ഹാട്രിക് തികച്ചതോടെ പരിശീലകൻ സദാനന്ദനുകീഴിൽ കേരള വനിതാ ടീമിന്റെ കിരീടനേട്ടം അഞ്ചായി. മൂന്നു ദേശീയ കിരീടങ്ങൾക്കൊപ്പം രണ്ടു ഫെഡറേഷൻ കപ്പ് വിജയങ്ങളുമുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ടീം ദേശീയ വോളിയിൽ ഹാട്രിക് നേടുന്നത്. സഹപരിശീലക രാധിക കപിൽദേവിനും കിരീടവിജയങ്ങളിൽ നിർണായക പങ്കുണ്ട്. കളിക്കാരും പരിശീലകരും തമ്മിലുള്ള രസതന്ത്രം വിജയത്തിൽ പ്രധാനമായെന്ന് സദാനന്ദൻ പറഞ്ഞു. Content Highlights: National volleyball championships Kerala women s team which completed a hat-trick of titles


from mathrubhumi.latestnews.rssfeed https://ift.tt/3cncM75
via IFTTT