Breaking

Thursday, March 18, 2021

ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ മോഷണം; ചില രേഖകള്‍ കടത്തിയതായി സംശയം

ഗ്വാളിയോർ: ബി.ജെ.പി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ജയ് വിലാസ് പാലസിൽ മോഷണ ശ്രമം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആണ് മോഷണം നടന്നതെന്നാണ് പോലീസ് നിഗമനം. ജയ് വിലാസ് പാലസിലെ റാണി മഹലിലെറെക്കോർഡ്സ് റൂമിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് ഒരു ഫാനും കമ്പ്യൂട്ടർ സിപിയുവും നഷ്ടപ്പെട്ടിട്ടുണ്ട്. സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തി. പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. ചില ഫയലുകൾക്കായി ബുധനാഴ്ച തിരച്ചിൽ നടത്തിയപ്പോളാണ് മോഷണം നടന്നതായി വ്യക്തമായത്. റെക്കോർഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. 10 വർഷം മുമ്പും റെക്കോർഡ്സ് റൂമിൽ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ ഇതു വരെ സാധിച്ചിട്ടില്ല. റാണി മഹലിലെ വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കൾ കടന്നതെന്നാണ് കരുതുന്നത്. സമീപ വാസികളേയും ജോലിക്കാരേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. 1874 ൽ അന്നത്തെ ഗ്വാളിയോർ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യയാണ് ജയ് വിലാസ് മഹൽ നിർമിച്ചത്. 400 മുറികളുള്ള ഈ കൊട്ടാരത്തിന് ഏകദേശം 4000 കോടി രൂപയുടെ മതിപ്പുണ്ട്. കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമാണ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. അദ്ദേഹം ഗ്വാളിയോറിൽ എത്തുമ്പോൾ ഇവിടെയാണ് താമസിക്കാറ്.


from mathrubhumi.latestnews.rssfeed https://ift.tt/3bYvRNM
via IFTTT