Breaking

Wednesday, March 24, 2021

വീട്, വിദ്യാഭ്യാസം, പണം; മാവോവാദികൾക്ക് കീഴടങ്ങാൻ ഓഫറുകളുമായി പോലീസ് പോസ്റ്റർ

കേളകം: മാവോവാദികൾക്ക് കീഴടങ്ങാൻ പോത്സാഹനവുമായി പോലീസ്. കണ്ണൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ മാവോവാദി സാന്നിധ്യമുള്ള മലയോരമേഖലകളിൽ പോസ്റ്ററുകൾ പതിച്ചു. മാവോവാദികളുടെ ലുക്ക്ഔട്ട് നോട്ടിസിനൊപ്പമാണ് കീഴടങ്ങാനുള്ള വാഗ്ദാനങ്ങളും നൽകിയിരിക്കുന്നത്. മാവോവാദി പ്രവർത്തനങ്ങൾ നടത്തുന്നവർ കീഴടങ്ങിയാൽ അവരുടെ പുനരധിവാസവും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദന മാർഗങ്ങൾ ലഭ്യമാക്കുമെന്നും പോസ്റ്ററിൽ പറയുന്നു. കീഴടങ്ങിയാൽ അഞ്ചു ലക്ഷം രൂപ വരെ നൽകും. ആയുധങ്ങളും യുദ്ധോപകരണങ്ങളും സമർപ്പിക്കുന്നവർക്ക് 35,000 രൂപ വരെ പാരിതോഷികം നൽകും. കേരള സർക്കാരിന്റെ ഭവനനയപ്രകാരം വീട് അനുവദിച്ചു നൽകും. വിദ്യാഭ്യാസ ചെലവുകൾക്കായി വർഷം 15,000 രൂപ വരെ സാമ്പത്തിക സഹായം നൽകും. നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനായി 25,000 രൂപവരെ നൽകും. തൊഴിൽ പരിശീലനം, മറ്റു തൊഴിലുകളില്ലെങ്കിൽ മൂന്നുവർഷംവരെ പ്രതിമാസം 10,000 രൂപ നൽകും. കീഴടങ്ങുന്ന ആളുടെ ചെറിയ കേസുകളുടെ തുടർ നടപടികൾ റദ്ദാക്കും. എന്നിങ്ങനെ വാഗ്ദാനങ്ങളടങ്ങിയ പോസ്റ്ററുകളാണ് പതിച്ചത്. തദ്ദേശീയരായ രണ്ട് പൗരപ്രമുഖരുടെ പ്രാമാണ്യത്തോടെയായിരിക്കണം കീഴടങ്ങൽ നടത്തേണ്ടത്. ലുക്ക് ഔട്ട് നോട്ടീസിൽ സിപി. മൊയ്ദീൻ, സുന്ദരി, സാവിത്രി തുടങ്ങി 24 മാവോവാദികളുടെ ചിത്രങ്ങളാണ് ഉള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3tM9EbS
via IFTTT