പുതുപ്പള്ളി: നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടിയെ വിട്ടു തരില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സീറ്റു ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്ന് ഉമ്മൻചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്നുണ്ട്. ഈ അവസരത്തിലാണ് പ്രവർത്തകരുടെ പ്രതിഷേധം. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം.എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവർത്തകരടക്കമുള്ളവരാണ് ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്. അമ്പത് വർഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇതിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യഭീഷണിയും മുഴക്കി. അതേ സമയം ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സിരിക്കും. താൻ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടി തന്നെ വീട്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3bFMy0b
via
IFTTT