Breaking

Saturday, January 23, 2021

ഈ ചിലന്തിക്കുമുന്നിൽ പക്ഷിക്കും രക്ഷയില്ല; ചിലന്തിവലയിൽ പക്ഷി കുടുങ്ങുന്നത് അപൂർവം

തിരുവനന്തപുരം: മരച്ചിലന്തി ചില്ലറക്കാരനല്ല. ചെറിയ പക്ഷികളെവരെ കുടുക്കാൻ അവയുടെ ഈ വലയ്ക്കു കഴിയും. പക്ഷി ചിലന്തിവലയിൽ കുടുങ്ങുന്നത് അത്യപൂർവമാണ്. അത്തരമൊരു അപൂർവദൃശ്യം വാഗമണിനടുത്തെ ഉളുപ്പൂണി വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ക്യാമറ ഒപ്പിയെടുത്തു. ഭീമൻ പെൺമരച്ചിലന്തിയുടെ വലയിൽ മുത്തുപ്പിള്ള പക്ഷി കുടുങ്ങിക്കിടക്കുന്ന ചിത്രമാണ് ഫോട്ടോഗ്രാഫറായ നിഷാന്ത് നീലായി പകർത്തിയത്. പത്തുവർഷം മുമ്പ് ആറളം വന്യജീവി സങ്കേതത്തിൽ ചിലന്തിവലയിൽ തേൻകുരുവി കുടുങ്ങിയതായി അവിടത്തെ ഫോറസ്റ്റർ പറഞ്ഞിട്ടുള്ളതായി പുണെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സയന്റിസ്റ്റും പ്രശസ്ത പക്ഷിനിരീക്ഷകനുമായ ഡോ. ജാഫർ പാലോട്ട് പറഞ്ഞു. ഫോട്ടോഗ്രാഫർ നിഷാന്ത് നീലായി എന്നാൽ, ആദ്യമായാണ് മുത്തുപിള്ള (ബ്രൗൺ ബ്രസ്റ്റഡ് ഫ്ളൈ കാച്ചർ) ഭീമൻ മരച്ചിലന്തി (നെഫില പൈലിപെസ്) യുടെ വലയിൽ കുടുങ്ങുന്നതായി കാണുന്നത്. ഡിസംബർ 21-നാണ് കാസർകോട് സ്വദേശിയും തിരുവനന്തപുരം ആക്കുളം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഉദ്യോഗസ്ഥനുമായ നിഷാന്ത് നീലായി സുഹൃത്തുക്കൾക്കൊപ്പം ഉളുപ്പൂണിയിലെത്തിയത്. ഒന്നൊന്നര വല... കുടുങ്ങിയാൽ പെട്ടു... ലോകത്തെങ്ങും നെഫില വംശത്തിലുള്ള ചിലന്തികളുണ്ട്. ഈ വർഗത്തിലുള്ള ആൺ ചിലന്തികൾക്ക് രണ്ടുമുതൽ നാലു മില്ലിമീറ്റർ വരെയും പെൺചിലന്തികൾക്ക് അതിന്റെ പത്തിരട്ടിയും വലുപ്പം വരും. പെൺചിലന്തികളാണ് വല നെയ്ത് ഇരകളെ പിടിക്കുക. ഇവയുടെ വലകൾക്ക് അരമീറ്റർ മുതൽ ഒരു മീറ്റർ വരെ വ്യാസം ഉണ്ടാകും. 0.008 മില്ലിമീറ്റർ കനവും ഉണ്ടാകും. വലകളിൽ കുടുങ്ങുന്ന ജീവികളെ വിഷം കുത്തിവെച്ചാണ് നെഫില ചിലന്തികൾ കൊല്ലുക. എന്നാൽ, ഈ വിഷം മനുഷ്യരുടെ മരണമുണ്ടാക്കുംവിധം അപകടകാരിയല്ലെന്ന് കേരള സർവകലാശാലയിലെ സുവോളജി അധ്യാപകനായ ഡോ. സൈനുദ്ദീൻ പട്ടാഴി പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Y5ntV1
via IFTTT