Breaking

Tuesday, January 26, 2021

കണ്ടുപഠിക്കണം ഈ വീട്ടമ്മയെ

കാട്ടാക്കട: മക്കൾക്കൊപ്പം കോളേജിലേക്ക്‌ പോയ അമ്മ 50-ാം വയസ്സിൽ മൂന്നാംറാങ്കുമായാണ്‌ മക്കളെക്കാൾ മുന്നിലെത്തിയത്‌. കുറ്റിച്ചൽ പച്ചക്കാട് ഗോകുലത്തിൽ ഗോപകുമാറിന്റെ ഭാര്യ ജയശ്രീയാണ് വക്കീൽകോട്ടണിയാൻ ഒരുങ്ങുന്നത്. വിവാഹത്തിനു മുമ്പ്‌ എം.എ. ബിരുദവും എച്ച്‌.ഡി.സി.യും നേടിയിരുന്നു. രണ്ടരപ്പതിറ്റാണ്ടിനുശേഷം ഇപ്പോൾ എൽ.എൽ.ബി.യും. മക്കളായ ഗോകുൽ കുറ്റിച്ചൽ ലൂർദ് മാതാ കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റിനും ഗോപിക യൂണിവേഴ്സിറ്റി കോളേജിൽ ബി.എസ്‌സി. ഫിസിക്സിനും പഠിക്കുകയാണ്‌. മക്കൾ കോളേജിൽ ചേരുമ്പോഴാണ്‌ ജയശ്രീ നിയമപഠനമെന്ന തന്റെ ആഗ്രഹം ഭർത്താവിനോടും മക്കളോടും പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും ഭാര്യയുടെ ആഗ്രഹത്തിന് മരപ്പണിക്കാരനായ ഭർത്താവ് ഗോപകുമാർ പച്ചക്കൊടി കാട്ടി. തിരുവനന്തപുരം ലോ അക്കാദമിയിൽ സായാഹ്ന കോഴ്സിന്‌ ചേർന്നു. കുറ്റിച്ചലിൽനിന്ന്‌ തലസ്ഥാനത്തേയ്ക്കുള്ള യാത്ര ഉൾപ്പെടെ തന്റെ എല്ലാ പ്രയാസങ്ങളും കണ്ടറിഞ്ഞ് അധ്യാപകരും സഹപാഠികളും വലിയ സഹായമാണ് നൽകിയതെന്ന്‌ ജയശ്രീ പറഞ്ഞു. നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് ബിരുദത്തിന് പഠിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽനിന്ന്‌ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും വിജയിച്ചു. പിന്നാലെ എച്ച്.ഡി.സി.യും പാസായി. വിവാഹത്തിനുശേഷം ഒരു ജോലി നേടുക എന്ന ലക്ഷ്യവുമായി ടൈപ്പ് റൈറ്റിങ്ങും ടാലിയും പാസായി. കുട്ടികൾക്ക് ട്യൂഷനെടുക്കുന്നതിനാൽ നാട്ടിലെല്ലാവർക്കും ജയശ്രീ ‘ടീച്ചറാണ്‌’. േലാ അക്കാദമി കാമ്പസിൽ കൂടെ പഠിച്ച ചില സുഹൃത്തുക്കൾ ജയശ്രീയെ അനുമോദിക്കാൻ വീട്ടിലെത്തിയപ്പോഴാണ് നാട് ഈ വിവരമറിയുന്നത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ആർ. വിനോദിന് കീഴിൽ പരിശീലനം നേടുകയാണിപ്പോൾ. ശനിയാഴ്ചയാണ് എൻറോൾ ചെയ്യുന്നത്‌. കെ.എസ്. ശബരീനാഥൻ എം.എൽ.എ. ഉൾപ്പെടെയുള്ളവർ സന്തോഷം പങ്കുവെക്കാൻ വീട്ടിലെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3iKlS0i
via IFTTT