നെടുമ്പാശ്ശേരി: തന്റെ മൂലകോശം സ്വീകരിച്ച കുട്ടിയുടെ പുഞ്ചിരി ഇന്റർനെറ്റിലൂടെ കണ്ടപ്പോൾ അമീർ സുഹൈൽ ഹുസൈന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ലുക്കീമിയ ബാധിച്ച് മരണം മുന്നിൽ കണ്ട കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനായെങ്കിലും ഇതുവരെ അവളെ ഒരു നോക്കുകാണാൻ സുഹൈലിന് കഴിഞ്ഞിരുന്നില്ല. പുണെയിലെ ഒരു കോളേജ് ശനിയാഴ്ച സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ പങ്കെടുത്ത സുഹൈലിന് തന്റെ മൂലകോശം സ്വീകരിച്ച കുഞ്ഞിനെ കാണാൻ അവസരം ലഭിച്ചു. അവളുടെ തെളിഞ്ഞ പുഞ്ചിരി സുഹൈലിനു പകർന്നത് നിറഞ്ഞ അഭിമാനം. നേരിൽ കാണാൻ കഴിയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് സുഹൈൽ ഹുസൈൻ. 26- കാരനായ സുഹൈൽ ഹുസൈന്റെ മൂലകോശം പുണെ സ്വദേശിനിയായ വീഹയാണ് സ്വീകരിച്ചത്. 2019-ലാണ് വീഹയ്ക്ക് രക്താർബുദം തിരിച്ചറിഞ്ഞത്. പിന്നീട് ചികിത്സയ്ക്കുവേണ്ടി യോജിക്കുന്ന മൂലകോശം കണ്ടെത്താൻ അലച്ചിലായിരുന്നു. നിരന്തര ശ്രമത്തിനൊടുവിൽ യോജിച്ച മൂലകോശമുള്ള ഒരാളെ കണ്ടെത്തിയെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അവസാനം അയാൾ പിന്മാറി. 2018-ൽ ആലുവ സർക്കാർ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ച മൂലകോശ ദാന ക്യാമ്പിൽ സുഹൈലും ബന്ധുവായ ഫാസിലും രജിസ്ട്രേഷൻ നടത്തി സാമ്പിൾ നൽകിയിരുന്നു. പരിശോധനയിൽ ഈ മൂലകോശം വീഹയ്ക്ക് സ്വീകാര്യമാകുന്നതാണെന്ന് കണ്ടെത്തി. തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ മൂലകോശം ദാനംചെയ്തു. സുഹൈലിന് ആദ്യം വീട്ടുകാരിൽനിന്ന് വലിയ എതിർപ്പാണ് നേരിട്ടത്. എന്നാൽ പിന്നീട് വീട്ടുകാർ ഒപ്പം നിന്നു. സെപ്റ്റംബർ 21-നായിരുന്നു ദാനം. ഇതുവരെയും ഒരുവിധ പ്രശ്നവുമില്ലെന്ന് സുഹൈൽ പറയുന്നു. ഇനിയും വേണ്ടിവന്നാൽ ദാനം ചെയ്യാൻ സന്നദ്ധനുമാണ്. പാലക്കാട് ബിസിനസ് നടത്തുന്ന സുഹൈൽ നെടുമ്പാശ്ശേരി കോട്ടായി മഠത്തിൽ വീട്ടിൽ സക്കീർ ഹുസൈന്റെയും സുനിതയുടെയും മകനാണ്. അവിവാഹിതൻ. അവസരം ലഭിച്ചാൽ ഫെബ്രുവരിയിൽ പുണെയിലെത്തി വീഹയെ നേരിൽ കാണാനുള്ള തയ്യാറെടുപ്പിലാണ് സുഹൈൽ. Content Highlights:Ameer Suhail Hussain stem cell donation
from mathrubhumi.latestnews.rssfeed https://ift.tt/39ejeg7
via
IFTTT