Breaking

Monday, January 25, 2021

സിപിഎമ്മില്‍ മൃദു ബിജെപി ചേരി; സര്‍ക്കാർ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രീണനം ശക്തം- ഡോ. ആസാദ്

കോഴിക്കോട്: കേരള സർക്കാറിന്റെ പ്രവർത്തന മേഖലയിൽ മാത്രമല്ല, ദൈനംദിന രാഷ്ട്രീയ നിലപാടുകളിലും ആർ.എസ്.എസ്. പ്രീണനം ശക്തമാണെന്ന് ഇടതുപക്ഷ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. ആസാദ്. വലതു ജനാധിപത്യ പ്രാദേശിക പ്രസ്ഥാനങ്ങൾപോലും അറച്ചുനിൽക്കുന്ന അവിശുദ്ധബന്ധത്തിനാണ് സി.പി.എമ്മിലെ പ്രബലവിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ബി.ജെ.പിയോടു മൃദുഭാവം പുലർത്തുന്ന സി.പി.എം. ചേരി ബംഗാളിലുണ്ട്. ഇതുപോലെ കേരളത്തിലും ഒരു മൃദു ബിജെപി ചേരിയുണ്ട്. സംഘ പരിവാര നയങ്ങളെ പിൻപറ്റാനും കേരളത്തിൽ അതു നടപ്പാക്കാനും നല്ല ഉത്സാഹവുമുണ്ട്. സർക്കാറിന്റെ പ്രവർത്തന മേഖലയിൽ മാത്രമല്ല, ദൈനംദിന രാഷ്ട്രീയ നിലപാടുകളിലും ആർ എസ് എസ് പ്രീണനം ശക്തമാണ്. ഈ ചങ്ങാത്തം പലയിടത്തും പരസ്യമായിത്തുടങ്ങിയിട്ടുമുണ്ടെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു. ആസാദിന്റെ കുറിപ്പിന്റെ പൂർണരൂപം: ബി ജെ പിയോടു മൃദുഭാവം പുലർത്തുന്ന സി പി എം ചേരി ബംഗാളിലുണ്ട്. തൃണമൂലിനെ നേരിടാൻ അതാവാം എന്ന ധാരണയിലാണത്. കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും തൃണമൂലിനെ തോൽപ്പിക്കാൻ ഏതടവും പ്രതീക്ഷിക്കാം. ബി ജെ പിക്ക് അക്കാര്യം ഉറപ്പ്. കേരളത്തിലും സി പി എമ്മിൽ ഒരു മൃദുബി ജെ പി ചേരിയുണ്ട്. അതിപ്പോൾ അത്ര മൃദുവല്ല. സർക്കാറിനെ നയിക്കുന്ന കൂട്ടരാണ്. അവരുടെ അനുഭാവം പ്രകടവുമാണ്. സംഘ പരിവാര നയങ്ങളെ പിൻപറ്റാനും കേരളത്തിൽ അതു നടപ്പാക്കാനും നല്ല ഉത്സാഹവുമുണ്ട്. സർക്കാറിന്റെ പ്രവർത്തന മേഖലയിൽ മാത്രമല്ല, ദൈനംദിന രാഷ്ട്രീയ നിലപാടുകളിലും ആർ എസ് എസ് പ്രീണനം ശക്തമാണ്. ഈ ചങ്ങാത്തം പലയിടത്തും പരസ്യമായിത്തുടങ്ങിയിട്ടുമുണ്ട്. ഇടതുപക്ഷത്തിനു ചേർന്ന രാഷ്ട്രീയ നിലപാടല്ല അത്. വലതു ജനാധിപത്യ പ്രാദേശിക പ്രസ്ഥാനങ്ങൾപോലും അറച്ചു നിൽക്കുന്ന അവിശുദ്ധബന്ധത്തിനാണ് സി പി എമ്മിലെ പ്രബലവിഭാഗം ശ്രമിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടുകയോ വിമർശനം ഉന്നയിക്കുകയോ ചെയ്യുന്നവരെ യു ഡി എഫ് പക്ഷമെന്ന് ആക്ഷേപിക്കുകയാണവർ. ആർ എസ് എസ്സുമായി നീക്കുപോക്കുണ്ടാക്കുന്ന രാഷ്ട്രീയാഭാസത്തെക്കാൾ എത്രയോ ഭേദമാണ് ഫാഷിസത്തിനെതിരായവലതു ജനാധിപത്യ പാർട്ടികളുമായുള്ള നീക്കുപോക്ക്. ബീഹാറിലും തമിഴ്നാട്ടിലും മറ്റു പല സംസ്ഥാനങ്ങളിലും സി പി എം അതു ചെയ്യുന്നുമുണ്ടല്ലോ. എന്നാൽ ബംഗാളിലെയും കേരളത്തിലെയും പ്രബലവിഭാഗങ്ങൾ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. കോൺഗ്രസ്സിന്റെ വലതുപക്ഷ നയങ്ങളെ എതിർക്കാൻ ബി ജെ പിയുടെ തീവ്ര വലതുപക്ഷ നയങ്ങളല്ല വേണ്ടത്. സി പി എം ഇവിടെ പിന്തുടരുന്നത് അതാണ്. അതു തിരുത്തണം. താൽക്കാലിക ആശ്വാസ പദ്ധതികൾ നൽകാനുള്ള കോർപറേറ്റ് ഉദാരത ദീർഘകാലം തുണയ്ക്കില്ല. അടിത്തറമാന്തുന്ന ആ വികസന മാതൃകകളിൽ ഇടതുപക്ഷം ഭ്രമിക്കരുതാത്തതാണ്. താൽക്കാലികാശ്വാസ നടപടികളെക്കാൾ പ്രധാനം അടിസ്ഥാന മാറ്റങ്ങളാണ്. അതാവട്ടെ, ഭൂമിയിലും പൊതുവിഭവങ്ങളിലും പൊതു സേവനങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശം നൽകുന്ന മാറ്റമാവണം. എല്ലാതരം കൈയേറ്റങ്ങളിൽനിന്നും ജനതയെ മോചിപ്പിക്കുന്നതാകണം. ആ ഇടതുപക്ഷ സമീപനം കൈയൊഴിഞ്ഞ് തീവ്രവലതു വികസനോന്മാദത്തിൽ തിമർക്കുന്ന നേതൃത്വം ഭാവിയുടെ ബാദ്ധ്യതയാവുന്നു. Content Highlights:RSS favoritism is strong in government activities - Dr. Azad


from mathrubhumi.latestnews.rssfeed https://ift.tt/3pfzrqR
via IFTTT