മാഞ്ചെസ്റ്റർ: എഫ്.എ കപ്പിലെ ക്ലാസിക്ക് പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചെസ്റ്റർ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ്ട്രാഫഡിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ചുവന്ന ചെകുത്താൻമാരുടെ വിജയം. ജയത്തോടെ യുണൈറ്റഡ് അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചടി. ആദ്യ ഇലവനിൽ ബ്രൂണോ ഫെർണാണ്ടസ്, ഫ്രെഡ്, ഡിഹിയ എന്നിവരില്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. ലിവർപൂളാകട്ടെ സാദിയോ മാനെ ഇല്ലാതെയും. 18-ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ ലീഡെടുത്തു. ഫിർമിനോ നൽകിയ പാസ് സ്വീകരിച്ച സലാ പന്ത് ഹെൻഡേഴ്സന്റെ തലയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണിട്ടും പതറാതെ കളിച്ച യുണൈറ്റഡ് 26-ാം മിനിറ്റിൽ ഒപ്പമെത്തി. പോഗ്ബയും വാൻഡെബീക്കും ചേർന്നൊരുക്കിയ മുന്നേറ്റത്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പാസ് കിട്ടിയ മാർക്കസ് റാഷ്ഫോർഡ് അത് ഗ്രീൻവുഡിന് നീട്ടിനൽകി. താരത്തിന്റെ ഷോട്ട് വലയിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റാഷ്ഫോർഡിലൂടെ യുണൈറ്റഡ് ലീഡെടുത്തു. 48-ാം മിനിറ്റിൽ ഗ്രീൻവുഡിന്റെ പാസിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. പക്ഷേ 58-ാം മിനിറ്റിൽ സലാ വീണ്ടും ചെമ്പടയെ ഒപ്പമെത്തിച്ചു. ഇത്തവണയും ഫിർമിനോ തന്നെയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ 62-ാം മിനിറ്റിൽ ലിവർപൂൾ മാനെയേയും യുണൈറ്റഡ് 66-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിനെയും കളത്തിലിറക്കി. 78-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ വിജയ ഗോൾ കുറിച്ചു. Content Highlights: FA Cup Manchester United beat Liverpool
from mathrubhumi.latestnews.rssfeed https://ift.tt/2NsUTL3
via
IFTTT