കൊച്ചി: ദീർഘമായ പ്രതിഷേധമൗനത്തിനുശേഷം സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ പരാതിയുമായി ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തുവന്നു. സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട ‘വെട്ടിനിരത്തൽ’ തുറന്നുകാട്ടി ശോഭാ സുരേന്ദ്രൻ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് പരാതി നൽകി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നൽകിയ പരാതിയിൽ പറയുന്നു.കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായശേഷം അവഗണന നേരിടുന്നവരെ ഒന്നിച്ചുചേർത്ത് ശോഭാ സുരേന്ദ്രൻ അടുത്തിടെ പാർട്ടിക്കുള്ളിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെകൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതിനൽകിയത്. സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായി ചുമതലയേൽക്കുന്നത്. ഈഴവ-പിന്നാക്ക സമുദായത്തിൽനിന്ന് കുട്ടിയായിരിക്കുമ്പോൾത്തന്നെ പരിവാർപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നിൽ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്. പാർട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയിൽവരെ ഉണ്ടായിരുന്ന തന്നെ കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി 2004-ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നയാൾതന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യനടത്തുന്നുവെന്ന് കേന്ദ്രനേതൃത്വത്തിനുമുന്നിൽ ഉന്നയിച്ചിട്ടുണ്ട്. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴിയാണ് അവർ കാട്ടിത്തരുന്നത്. അപമാനിച്ച് പുറത്താക്കാനാണ് നീക്കമെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു. ശോഭയുടെ പരാതിക്കുപിന്നാലെ അസംതൃപ്തരായവരുടെ കൂട്ടായ്മയും നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. 2006-ൽ കോർകമ്മിറ്റി തലശ്ശേരിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ മത്സരിക്കില്ലെന്ന് പരസ്യമായി പറഞ്ഞയാളാണ് ഇപ്പോൾ അച്ചടക്കത്തെക്കുറിച്ച് പറയുന്നത്. പി.എസ്. ശ്രീധരൻപിള്ള സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹം രാജിവെച്ച് പാർട്ടിയെ രക്ഷിക്കണമെന്ന് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടെന്ന് അസംതൃപ്തഗ്രൂപ്പിലുള്ളവർ പറയുന്നു. പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്ന അടിച്ചമർത്തലിനെതിരേ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണതേടാനും ശോഭയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/37ZV09a
via
IFTTT