തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ നടന്ന ദുരൂഹ ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധിക്കുന്നു. എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്നു കാണിച്ച് ഇ.ഡി. ബാങ്കിന് കത്തുനൽകി. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ മാനേജർ കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) യെയും അറിയിച്ചിട്ടുണ്ട്.യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന് സ്വപ്നയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് പണം വന്നതിന്റെ കാരണമാണ് ഇ.ഡി. പരിശോധിക്കുന്ന ഒന്ന്. ഇതിനൊപ്പം, സ്വപ്നയുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയ മറ്റ് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ ട്രസ്റ്റിന് കോടികൾ കൈമാറിയതായാണു വിവരം.സംസ്ഥാനത്തിനു പുറത്തുള്ള ഒരു അക്കൗണ്ടിലേക്കും പണം മാറ്റിയിട്ടുണ്ട്. ഇത് രാഷ്ട്രീയബന്ധമുള്ള ഒരാളുടേതാണെന്നാണു സംശയിക്കുന്നത്. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തുവെന്നാണ് ബാങ്ക് മാനേജർ എൻ.ഐ.എ.യോടു സമ്മതിച്ചത്. ഇതിനുള്ള അനുമതിപത്രം കോൺസുലേറ്റ് ബാങ്കിനു നൽകിയിട്ടുണ്ടോയെന്ന് ഇ.ഡി. അന്വേഷിക്കുന്നുണ്ട്.വിദേശത്തുനിന്ന് കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരുന്നതിന് നിയമപരമായ തടസ്സമില്ല. അത് ഇന്ത്യയിലെ വ്യക്തിഗത അക്കൗണ്ടുകളിലേക്കു കൈമാറ്റം ചെയ്യുകയും നിയന്ത്രണങ്ങളില്ലാതെ ചെലവുചെയ്യുകയും ചെയ്തത് ഗൗരവത്തോടെയാണു കാണുന്നത്. കോൺസുലേറ്റിനെ മറയാക്കി നടത്തിയ ദുരൂഹ സാമ്പത്തിക ഇടപാടുകളാണ് ഇവയിലേറെയുമെന്നാണ് സംശയം. സ്വപ്നയുടെ അക്കൗണ്ട് വഴി ഇത്തരത്തിൽ എത്രത്തോളം, ഏതൊക്കെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡി. തേടിയിട്ടുള്ളത്.2018-ലെ പ്രളയത്തിനുശേഷം സഹായമെന്ന രീതിയിൽ കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക് കോടികൾ വന്നിട്ടുണ്ട്. ഇതിന്റെ കൈകാര്യം സ്വപ്നയായിരുന്നുവെന്നാണു സംശയിക്കുന്നത്. ഈ പണത്തിൽനിന്നാണ് ഒരുവിഹിതം സ്വപ്നയുടെ അക്കൗണ്ടിലേക്കു മാറ്റിയതെന്നാണു സംശയം.
from mathrubhumi.latestnews.rssfeed https://ift.tt/3jkTDoA
via
IFTTT