Breaking

Friday, January 17, 2020

കെ.ജി.എസ്.,സച്ചിദാനന്ദന്‍, ജാഹ്നവി ബറുവ; എഴുത്തുകാരുടെ മഹാസംഗമവുമായി മാതൃഭൂമി അക്ഷരോത്സവം

കോഴിക്കോട്: എല്ലാകാര്യത്തിലും വ്യത്യസ്തതകളുടെ രാജ്യമായ ഇന്ത്യയുടെ പരിച്ഛേദം ജനുവരി 30 മുതൽ ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കാണാം, അനുഭവിക്കാം. വിദേശ എഴുത്തുകാരോടൊപ്പം ഇന്ത്യയുടെ വ്യത്യസ്തമേഖലകളിൽനിന്നുള്ള എഴുത്തുകാരും ചിന്തകരും കനകക്കുന്നിൽ സംഗമിക്കും. ആരോഗ്യപൂർണമായ സംവാദങ്ങളുടെ പ്രകാശം പ്രസരിപ്പിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ കെ.ജി.എസും സച്ചിദാനന്ദനും വി. മധുസൂദനൻനായരും കാവ്യാലാപനങ്ങളും കാവ്യലോക സ്മരണകളും ചർച്ചകളുമായെത്തും. തലമുറകളിലെ മലയാള കവിത കനകക്കുന്നിൽ കണ്ണാടിനോക്കും. എല്ലാംകൊണ്ടും ഇപ്പോൾ ചർച്ചാവിഷയമാണ് അസം. അതുകൊണ്ടുതന്നെ അസമിൽനിന്നുവരുന്ന എഴുത്തുകാരും അക്ഷരോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. ജാഹ്നവി ബറുവ സ്വന്തം ആശയലോകവും ചിന്തകളുമായി എത്തുന്നു. ചരിത്രകാരനായ അച്ഛന്റെ നോവലിസ്റ്റായ മകനാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ഇത്തവണത്തെ ഒരു പ്രധാന ആകർഷണം. തന്റെ ആക്സിഡന്റൽ മാജിക് എന്ന നോവലുമായാണ് രാമചന്ദ്രഗുഹയുടെ മകൻ കേശവ ഗുഹ വരുന്നത്. കെനിയൻ ജേണലിസ്റ്റും എഴുത്തുകാരനുമായ പീറ്റർ കിമാനി, ബ്രിട്ടീഷ് എഴുത്തുകാരനായ ലൂയി ഡി ബെർനിയർ എന്നിവരും അക്ഷരോത്സവത്തിലെ മുഖ്യ ആകർഷണങ്ങളാണ്. നൂറുവർഷമാകുന്ന കാർട്ടൂൺ രചനയെക്കുറിച്ച് അക്ഷരോത്സവം ആഴത്തിൽ ആലോചിക്കുന്നുണ്ട്. ഇ.പി. ഉണ്ണിയും ബോണി തോമസും സഗീറുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കീഴാള ജീവിതത്തിലെ പ്രതിസന്ധികളും ലഹരിയുടെ ലോകങ്ങളിലെ ആരുംകാണാത്ത കാഴ്ചകളും വെറും തൊഴിലായി മാറുന്ന പരിഭാഷ എന്ന സർഗപ്രവൃത്തിയുമെല്ലാം വിവിധങ്ങളായ വേദികളിൽ ചർച്ചയാവുന്നു. പാഴായിപ്പോകുന്ന സമരങ്ങളുടെ വിലാപങ്ങളും കുട്ടിത്തം നഷ്ടപ്പെടുന്ന ബാലസാഹിത്യ രചനയും ആഴത്തിൽ ഇത്തവണത്തെ അക്ഷരോത്സവത്തിൽ സംവാദമുഖങ്ങൾ തുറക്കുന്ന വിഷയങ്ങളാണ്. അക്ഷരോത്സവം ആസ്വദിക്കാൻ • ജനറൽ പാസ് വഴി. ഒരു ദിവസത്തെ പാസിന് 250 രൂപ. നാലുദിവസത്തേക്ക് 800 രൂപ. •വിദ്യാർഥികൾക്ക് ഒരു ദിവസത്തേക്ക് 150 രൂപ, നാലു ദിവസത്തേക്ക് 500 രൂപ. • ടിക്കറ്റുകൾ തിരുവനന്തപുരത്തെ ഫെസ്റ്റിവൽ ഓഫീസ് വഴി നേരിട്ടും ബുക്ക് മൈ ഷോയിലും അക്ഷരോത്സവത്തിന്റെ ഔദ്യോഗിക പേജ് ആയmbifl .com-ലും ലഭിക്കും. മാതൃഭൂമിയുടെ എല്ലാ യൂണിറ്റ് ഓഫീസുകളിലും ബുക്ക് സ്റ്റാളുകളിലും കിട്ടും. •കൂടുതൽ വിവരങ്ങൾക്ക്: www.mbifl.com Content Highlights: Mathrubhumi International Festival of Letters 2020


from mathrubhumi.latestnews.rssfeed https://ift.tt/2RkxoCk
via IFTTT