ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കടന്നുകയറിയ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ വിദ്യാർഥി നേതാവ് ഐഷി ഘോഷിനും മറ്റു 19 പേർക്കുമെതിരെ കേസ്. യൂണിവേഴ്സിറ്റി സെർവർ റൂം തല്ലിത്തകർത്തെന്നാരോപിച്ചാണ് ഡൽഹി പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർഥികൾക്കെതിരെ അക്രമം നടത്തിയ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസിന്റെ നടപടി. ജെഎൻയു ഹോസ്റ്റലിൽ അക്രമികൾ കടന്നുകയറി വിദ്യാർഥികൾക്കും ഹോസ്റ്റൽ കെട്ടിടത്തിനും നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തിന്റെ തലേന്ന് ശനിയാഴ്ച യൂണിവേഴ്സിറ്റിയുടെ സെർവർ റൂം അടിച്ചുതകർത്തെന്നാരോപിച്ചാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരെ അക്രമിക്കുകയും സെർവർ റൂം തല്ലിത്തകർക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ഞായറാഴ്ച രാത്രി 8.43ന് ആണ് ഇതിൽ ഐഷി ഘോഷ് അടക്കമുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കടന്നുകയറിയ അക്രമികൾ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയതും ഞായറാഴ്ച രാത്രിയോടെയാണ്. ഈ സംഭവത്തിൽ ഡൽഹി പോലീസ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ വിദ്യാർഥികൾ സെർവർ റൂമിൽ കടന്ന് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായി യൂണിവേഴ്സിറ്റി അധികൃതർ ആരോപിച്ചു. തുടർന്ന് തകരാർ പരിഹരിച്ചു. എന്നാൽ ഉച്ചയോടെ വീണ്ടും വിദ്യാർഥികളെത്തി സെർവർ റൂം തല്ലിത്തകർത്തതായും ഇത് പിന്നീട് നാലു മണിയോടെ ശരിയാക്കിയതായും അധികൃതർ അവകാശപ്പെടുന്നു. ഈ സംഭവത്തിലാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതു കൂടാതെ സെർവർ റൂം തകർത്തതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരെ വെള്ളിയാഴ്ച മറ്റൊരു എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതിൽ ഐഷി ഘോഷിന്റെ പേരില്ല. അതേസമയം, യൂണിവേഴ്സിറ്റി അധികൃതരുടെ നിർദേശം അനുസരിച്ച് മുഖംമറച്ച സുരക്ഷാ ജീവനക്കാരാണ് സെർവർ റൂം തല്ലിത്തകർത്തതെന്നും പിന്നീട് വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ചതെന്നും വിദ്യാർഥി സംഘടനയായ ജെഎൻഎസ്.യു ആരോപിച്ചു. ഐഷി ഘോഷ് അടക്കം യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർഥികളുമടക്കമുള്ള 34 പേർക്കെതിരെയാണ് ജനുവരി അഞ്ചിന് രാത്രിയിൽ അക്രമികൾ ക്രൂരമായ ആക്രമണം നടത്തിയത്. അക്രമികളായ സംഘത്തെ തടയുന്നതിന് പോലീസ് തയ്യാറായില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. വിവിധ പരാതികളിൽ ഇതുവരെ ഒരു എഫ് ഐആർ മാത്രമാണ് പോലീസ് എടുത്തിട്ടുള്ളത്. മാത്രമല്ല, ദേശീയ ശ്രദ്ധനേടിയ സംഭവത്തിൽ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറായിട്ടില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. Content Highlights:FIR Against JNUSU President Aishe Ghosh
from mathrubhumi.latestnews.rssfeed https://ift.tt/2QvUGpN
via
IFTTT