ഉണ്ടുകൊണ്ടിരിക്കുമ്പോൾ മെത്രാന്മാർക്കും ഉൾവിളിയുണ്ടാവുമെന്നത് പുതിയ കാര്യമല്ല. മിക്കവാറും ഇത്തരം ഉൾവിളികൾ സഭയുടെ ഉൾത്തളങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് പതിവ്. ഇടയ ലേഖനങ്ങൾക്കപ്പുറത്തേക്ക് നീളുന്ന സാഹിത്യമൊന്നും ഈ ഉൾവിളികളിലില്ലാത്തതിനാൽ പൊതുസമൂഹം പൊതുവെ ഈ വിളികൾ അറിയാറില്ല. പക്ഷേ, കഴിഞ്ഞ ദിവസം സീറോ മലബാർ സഭയുടെ സിനഡിനുണ്ടായ ഉൾവിളി ഈ ഗണത്തിൽ പെടുന്നതായിരുന്നില്ല. ലൗ ജിഹാദ് കാരണം ഇരിക്കപ്പൊറുതിയില്ലെന്നും സഭയിലെ പെൺകുട്ടികളെ ലൗ ജിഹാദുകാർ പ്രണയക്കുടുക്കിൽ വീഴ്ത്തി സിറിയയിലേക്ക് കൊണ്ടുപോവുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ലെന്നുമാണ് സിനഡ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി സങ്കടപ്പെട്ടത്. കർദിനാളിന്റെ സങ്കടം മനസ്സിലാക്കാവുന്നതേയുള്ളു. റിയൽ എസ്റ്റേറ്റ് മേഖല മൊത്തത്തിൽ മാന്ദ്യത്തിലാണ്. ഭൂമിക്കൊന്നും ഇപ്പോൾ പഴയതുപോലെ ആവശ്യക്കാരില്ല. പൗരത്വ നിയമത്തിന്റെ പേരും പറഞ്ഞ് സഭാ മക്കൾ പോലും സമരപാതയിലാണ്. അപ്പോൾ പിന്നെ കാര്യങ്ങൾ ഒരു വഴിക്കാക്കണമെങ്കിൽ ലൗ ജിഹാദ് പോലെ മറ്റെന്താണുള്ളത്. ഐ.എസ്.ഐ.എസിനു വേണ്ടി പൊരുതി മരിച്ച 21 ഇന്ത്യൻ സ്ത്രീകളിൽ പകുതിയും ക്രിസ്ത്യാനികളാണെന്ന് പോലീസിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നുണ്ടെന്നാണ് തിരുമേനി പറയുന്നത്. ഏതു പോലീസ് എവിടെ പറഞ്ഞുവെന്നൊന്നും ചോദിക്കരുത്. ഇങ്ങനെ ഒരു കണക്കും കേരള സർക്കാരിന്റെ മുന്നിലില്ലെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞിട്ടുണ്ടല്ലോ എന്നും ചോദിക്കരുത്. ഏതെങ്കിലുമൊരു മുസ്ലിം ഇതര പെൺകുട്ടി ഏതെങ്കിലുമൊരു മുസ്ലിം പയ്യനെ പ്രേമിച്ചാൽ ലൗ ജിഹാദ് എന്നു പറഞ്ഞ് വിറളിയെടുക്കരുതെന്ന് കോടതി പറഞ്ഞിട്ടില്ലേയെന്നും ചോദിക്കരുത്. തിരുമേനിമാർക്ക് പൊതുവെ ചോദ്യങ്ങളോട് താൽപര്യമില്ല. ഈ നാട്ടിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൻ ആളല്ലെന്ന് സാക്ഷാൽ കർദിനാൾ ആലഞ്ചേരി തിരുമേനി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതും നമ്മൾ മറന്നുപോവരുത്. തിരുമേനി, അങ്ങയെപ്പോലുള്ള ജ്ഞാനികളെ ഉദ്ബോധിപ്പിക്കുകയാണെന്ന് കരുതരുത്. എങ്കിലും ഒരു കാര്യം പറയാതിരുന്നാൽ അത് ഉള്ളിൽ കിടന്ന് പുളിച്ചു തികട്ടും. ഗ്യാസിന്റെ അസ്കിത നേരത്തെതന്നെയുള്ളതിനാൽ ഇതും കൂടി താങ്ങാനാവില്ല. അതുകൊണ്ട് പറഞ്ഞുപോവുന്നതാണ്. ഈ ഇന്ത്യാ മഹാരാജ്യം ഒരു പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ളിക്കാണ്. ഇവിടത്തെ പൗര സമൂഹത്തിലെ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങളും സ്വതന്ത്ര ജീവികളാണ്. സ്വന്തം ശരീരത്തിനു മേൽ ആണുങ്ങൾക്കുള്ള അതേ അവകാശവും സ്വാതന്ത്ര്യവും പെണ്ണുങ്ങൾക്കുമുണ്ട്. പ്രായപൂർത്തിയായ ഏതു സ്ത്രീക്കും ആരെ വേണമെങ്കിലും പ്രേമിക്കാം, കല്ല്യാണം കഴിക്കാം. അതിനെ ലൗ ജിഹാദ് എന്നൊക്കെ പേരിട്ട് വിളിക്കുമ്പോൾ അതാരുടെ പ്രത്യയശാസ്ത്രബോദ്ധ്യമാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് മനസ്സിലാക്കാൻ ഇന്ന ആഹാരം തന്നെ കഴിക്കണമെന്നൊന്നുമില്ല. തിരുമേനി ചിലപ്പോൾ ഓർക്കുന്നുണ്ടാവില്ല. രണ്ടുകൊല്ലം മുമ്പ് നവംബറിൽ ഹാദിയ എന്നൊരു പെൺകുട്ടി സുപ്രീം കോടതിയിൽ ഉറക്കെ വിളിച്ചുപറഞ്ഞു എനിക്ക് സ്വാതന്ത്ര്യം വേണം. ലൗ ജിഹാദിന് കേരളത്തിൽ നിർമ്മിക്കപ്പെട്ട പ്രതിരൂപമായിരുന്നു ഹാദിയ. വീട്ടുതടങ്കലിലായിരുന്ന ഹാദിയ സുപ്രീം കോടതിയിൽ ഹാജരായപ്പോൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആ പെൺകുട്ടിയോട് ചോദിച്ച: എന്താണ് ഭാവിക്കുവേണ്ടിയുള്ള നിങ്ങളുടെ സ്വപ്നം? ഈ ചോദ്യത്തിന് ഹാദിയ നൽകിയ മറുപടി തിരുമേനി ഒന്ന് മനസ്സിരുത്തി കേൾക്കണം. സ്വാതന്ത്ര്യം, മോചനം. ശരീരത്തിന്റെ മോചനവും സ്വാതന്ത്ര്യവുമാണ് ആ പെൺകുട്ടി ആവശ്യപ്പെട്ടത്. തനിക്ക് പഠനം പൂർത്തിയാക്കണമെന്നും ഡോക്ടറാവണമെന്നും ഭർത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആ പെൺകുട്ടിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കി. സേലത്തെ കോളേജിൽ തുടർന്നു പഠിക്കുന്നതിനുള്ള അവസരം ആ പെൺകുട്ടിക്ക് ലഭ്യമാക്കണമെന്ന് സർക്കാരിന് ഉത്തരവ് നൽകി. പ്രണയം സമരമാണെന്ന് പറയുന്നവരുണ്ട്. ആ സമരം മതിലുകൾക്കും വേലിക്കെട്ടുകൾക്കുമെതിരെയാണ്. സ്ത്രീയുടെ ശരീരത്തിന് മേൽ ആധിപത്യം വേണമെന്നത് പുരുഷമേൽക്കോയ്മ കൊടിയടയാളമാക്കിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും നിലപാടാണ്. ആ നിലപാട് പക്ഷേ, ജനാധിപത്യ സമൂഹത്തിന് നിരക്കുന്നതല്ല. ഇത്തരം നിലപാടുകൾക്ക് വർഗ്ഗീയതയുടെ മേലാടകൾ ചാർത്തുന്നതുകൊണ്ട് അവ വിശുദ്ധമാവുകയുമില്ല. രണ്ടു മാർപ്പാപ്പമാർ എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജിവെയ്ക്കുകയും ഫ്രാൻസിസ് മാർപ്പാപ്പ ചുമതലയേൽക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ പ്രമേയം. ആലഞ്ചേരി തിരുമേനിക്ക് സിനിമ കാണുന്ന പതിവുണ്ടോയെന്നറിയില്ല. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയും കർദിനാൾ ഹോർഹെ ബൊർഗോഗ്ളിയോവും (ഫ്രാൻസിസ് പാപ്പയുടെ ആദ്യ പേര്) തമ്മിലുള്ള സംഭാഷണങ്ങളാണ് സിനിമയുടെ കാതൽ. സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള അഗാധമാർന്ന ചിന്തകൾ അതിരിടുന്ന ഭാഷണങ്ങൾ. ഒരിടത്ത് ബനഡിക്ട് പതിനാറാമൻ പറയുന്നു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ ഞാൻ അത് കേൾക്കുന്നുണ്ട്. താങ്കളുടെ സ്വരത്തിൽ. കാരുണ്യത്തെക്കുറിച്ചും മുറിവുകൾ ഉണക്കുന്നതിനെക്കുറിച്ചുമാണ് കർദിനാൾ ഹോർഹെ ബനഡിക്ട് പതിനാറാമൻ പാപ്പയോട് സംസാരിച്ചത്. ഈ വാക്കുകളിൽ ബനഡിക്ട് പാപ്പ ദൈവത്തിന്റെ സ്വരം കേൾക്കുന്നു. കാരുണ്യവും സ്നേഹവുമാണ് ക്രിസ്തുമതത്തിന്റെ കാതൽ. ശരീരത്തെ തടവിലിടുന്നവരുടെ കൂടെയല്ല താനെന്ന് ക്രിസ്തു പ്രഖ്യാപിച്ചത് അസന്ദിഗ്ദ്ധമായ ഭാഷയിലാണ്. ബിഷപ് ഫ്രാങ്കോയ്ക്കൊപ്പം അത്താഴം പങ്കിടുന്നവരല്ല, സിസ്റ്റർ അഭയയുടെ കൊലയാളികൾക്ക് അഭയം നൽകുന്നവരല്ല ക്രിസ്തുവിന്റെ അനുയായികൾ. പ്രണയം തകർക്കുന്ന മതിലുകൾ വീണ്ടും കെട്ടിപ്പൊക്കുന്നവർ കൊട്ടിയടച്ച് പുറത്താക്കുന്നത് നസറായനായ ആ മനുഷ്യപുത്രനെത്തന്നെയാണ്. വഴിയിൽ കേട്ടത്: എന്റെ സ്വരവും ചേട്ടന്റെ സ്വരവും ഒരു പോലിരിക്കുന്നു. പുര കത്തുമ്പോൾ വാഴവെട്ടുക, കത്തുന്ന പുരയിൽനിന്ന് കഴുക്കോൽ ഊരുക, എരിതീയിൽ എണ്ണ ഒഴിക്കുക- ഇവയൊക്കെയല്ലേ ചേട്ടന്റെയും അനിയന്റെയും വിനോദങ്ങൾ Content Highlights: Church and love jihad
from mathrubhumi.latestnews.rssfeed https://ift.tt/30v5Qya
via
IFTTT