Breaking

Monday, January 6, 2020

എം.ജി.: മാർക്കുദാനംവഴി ബി.ടെക്. ജയിച്ചപ്പോൾ സപ്ലിമെന്ററി ഫലം റദ്ദാക്കിയവർ വെട്ടിലായി

കോട്ടയം: എം.ജി.സർവകലാശാലയിലെ ബി.ടെക്. മാർക്കുദാനത്തിൽ ഗവർണറുടെ ഇടപെടൽ വരാനിരിക്കേ പ്രശ്നം കൂടുതൽ സങ്കീർണമായതായി സൂചനകൾ. 2019-ൽ മാർക്ക് നൽകി പരാജിതരെ ജയിപ്പിക്കാൻ തീരുമാനം വന്നതോടെ ചില വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷവഴി വിജയിച്ചത് റദ്ദാക്കിച്ചിരുന്നു. വളരെമുമ്പ് കോഴ്സ് പൂർത്തിയാക്കുകയും എന്നാൽ സമീപകാലത്തുമാത്രം സപ്ലിമെന്ററി എഴുതി ജയിക്കുകയും ചെയ്തവരാണ് ആ സപ്ലിമെന്ററി ഫലം റദ്ദാക്കിയത്. മാർക്കുദാനംവഴിയുള്ള വിജയം, അവർ കോഴ്സ് പൂർത്തിയാക്കിയ വർഷംവെച്ചുള്ളതായതിനാലാണ് ഇത് ചെയ്തത്. കോളേജിൽനിന്ന് പുറത്തിറങ്ങിയ സമയത്ത് കോഴ്സ് ജയിച്ചിരുന്നു എന്നത് പല സ്ഥാപനങ്ങളിലും ജോലിക്ക് ഗുണമാകും എന്നതാണ് കാരണം. ഇവർ ഇപ്പോൾ വെട്ടിലായി. പരീക്ഷ എഴുതിനേടിയത് നഷ്ടമാക്കിയതിനൊപ്പം, മാർക്കുദാനംവഴി ലഭിച്ചതും പോയ സ്ഥിതിയാണ്. ഇവരുടെ സപ്ലിമെന്ററിവഴിയുള്ള ജയം പുനഃസ്ഥാപിച്ചുകൊടുക്കാൻ ഗവർണർക്ക് നിർദേശിക്കാം. മാർക്കുദാനംവഴിവന്ന ഫലം റദ്ദാക്കാനുള്ള സർവകലാശാലാ തീരുമാനത്തെ ഗവർണർ സ്വാഗതംചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ബദൽ എന്താണെന്ന ചോദ്യം ബാക്കിയാണ്. പുനഃപരീക്ഷ നടത്താൻ നിർദേശിക്കാം. എട്ട് വിദ്യാർഥികൾ ബിരുദം റദ്ദാക്കലിനെതിരേ കോടതിയെ സമീപിച്ചിട്ടുമുണ്ട്. മാർക്കുദാനം ഉന്നതവിദ്യാഭ്യാസ കൗൺസിൽ അധ്യക്ഷൻ ഡോ.രാജൻ ഗുരുക്കളുമായി ചർച്ചചെയ്തെന്ന് ഗവർണർ എം.ജി. സർവകലാശാലയിലെ യോഗത്തിൽ പറഞ്ഞിരുന്നു. നടപടി ചട്ടവിരുദ്ധമാണെന്ന നിലപാടാണ് ഡോ. ഗുരുക്കൾ ആദ്യംമുതലേ സ്വീകരിച്ചത്. ഗവർണറോടും അദ്ദേഹം ഇതാണ് പറഞ്ഞത്. സിൻഡിക്കേറ്റിനെതിരേ ഗവർണർ എന്താണ് തീരുമാനമെടുക്കുകയെന്ന് വ്യക്തമല്ല. സ്വാശ്രയ കോളേജുകളിലെ എം.കോം. വൈവാ പരീക്ഷയിലെ മാർക്കുദാനത്തിലും ചട്ടവിരുദ്ധതയുണ്ട്. പരീക്ഷാബോർഡ് ചെയർമാനെ മറികടന്നുള്ള തീരുമാനം ചില അധ്യാപകർചേർന്ന് എടുത്തു. ഇത് പിന്നീട് കമ്മീഷനെവെച്ച് ശരിവെച്ചു. വിഷയത്തിൽ ഒരു അധ്യാപകൻതന്നെയാണ് ഗവർണറെ സമീപിച്ചത്. Content Highlights:Moderation row in MG University


from mathrubhumi.latestnews.rssfeed https://ift.tt/2ZUuBDN
via IFTTT