Breaking

Friday, January 17, 2020

രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യയ്ക്ക് ജയം അനിവാര്യം

രാജ്കോട്ട്: ഒരാഴ്ചമുമ്പുവരെ ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റത്തായിരുന്നു വിരാട് കോലിയും ഇന്ത്യൻ ടീമും. തുടർച്ചയായ പരമ്പരവിജയങ്ങൾ സമ്മാനിച്ച ധൈര്യം പക്ഷേ, ഓസ്ട്രേലിയയ്ക്കെതിരായ ഒരൊറ്റ മത്സരത്തിലൂടെ നഷ്ടമായിരിക്കുന്നു. മുംബൈയിൽ ചൊവ്വാഴ്ചനടന്ന ഒന്നാം ഏകദിന ക്രിക്കറ്റിൽ പത്തുവിക്കറ്റിന് തോറ്റ ഇന്ത്യ, പരമ്പര കൈവിടരുതെന്ന വാശിയോടെ രണ്ടാം ഏകദിനത്തിനിറങ്ങുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ രാജ്കോട്ടിലാണ് മത്സരം. ഈ മത്സരം ജയിച്ചാൽ ഓസ്ട്രേലിയ പരമ്പര നേടും. പരീക്ഷണം പാളുമോ ഒന്നാം ഏകദിനത്തിൽ ലോകേഷ് രാഹുൽ വൺഡൗണായി ഇറങ്ങിയതോടെ ബാറ്റിങ് ഓർഡർ പാടെ മാറി. കോലി നാലാമനും ശ്രേയസ് അഞ്ചാമനുമായി. ഓപ്പണറായ ശിഖർ ധവാൻ അന്ന് ടോപ് സ്കോറർ കൂടിയായതിനാൽ അദ്ദേഹത്തെ രണ്ടാം ഏകദിനത്തിലും മാറ്റിനിർത്താനാകില്ല. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്കേറ്റതിനാൽ വിക്കറ്റ് കീപ്പറായി ലോകേഷ് രാഹുലല്ലാതെ മറ്റൊരു സാധ്യതയില്ല. രാഹുൽ വൺഡൗണായിത്തന്നെ ഇറങ്ങുമോ എന്നാണ് അറിയേണ്ടത്. വിരാട് കോലി മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമെന്നും വാർത്തകളുണ്ട്. ഋഷഭ് പോയതോടെ ആറാം നമ്പറിൽ കേദാർ ജാദവിന് അവസരം തുറക്കും. പാർട് ടൈം ബൗളർ എന്നതും കേദാറിന്റെ സാധ്യത കൂട്ടുന്നു. ഓസ്ട്രേലിയയാകട്ടെ, കളിയുടെ ഏല്ലാ മേഖലയിലും ഇന്ത്യയെ തോൽപ്പിച്ച് ആധികാരികമായാണ് ഒന്നാം ഏകദിനം ജയിച്ചത്. ഓപ്പണർ ഡേവിഡ് വാർണർ 128 റൺസോടെയും ആരോൺ ഫിഞ്ച് 110 റൺസുമായും പുറത്താകാതെനിന്നതോടെ ബൗളർമാർ തീർത്തും അപമാനിക്കപ്പെട്ടു. ഏകദിനത്തിൽ ഇന്ത്യൻ മണ്ണിൽ ഓസ്ട്രേലിയയോട് തുടർച്ചയായ നാലാം തോൽവിയായിരുന്നു അത്. നേരത്തേ അവസാന മൂന്ന് ഏകദിനങ്ങളും ജയിച്ച് ഓസീസ് അഞ്ചുമത്സരങ്ങളുടെ പരമ്പര വിജയിച്ചിരുന്നു. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ പേസർ ജസ്പ്രീത് ബുംറയ്ക്കൊപ്പം ശാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി എന്നിവരടങ്ങിയ പേസ് നിര മിന്നിയാലേ ഓസ്ട്രേലിയയുടെ അതിശക്തമായ ബാറ്റിങ്ങിനെ പിടിച്ചുകെട്ടാനാകൂ. Content Highlights:India vs Australia 2nd ODI must win game for india


from mathrubhumi.latestnews.rssfeed https://ift.tt/30v5304
via IFTTT