മൂഡബിദ്രി (കർണാടക): അഖിലേന്ത്യാ അന്തഃസർവകലാശാല അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ട്രാക്കുണർന്നത് മീറ്റ് റെക്കോഡിലേക്ക്. ആദ്യ ഇനമായ പുരുഷവിഭാഗം 10,000 മീറ്ററിലാണ് മംഗളൂരു സർവകലാശാലയുടെ നരേന്ദ്ര പ്രതാപ് സിങ് മീറ്റ് റെക്കോഡോടെ സ്വർണമണിഞ്ഞത്. ആൽവാസിന്റെ താരമായ നരേന്ദ്രയുടെ 29:42.19 സെക്കൻഡിൽ ഓടിയെത്തി. പുണെ സാവിത്രിബായ് ഫുലെ സർവകലാശാലയുടെ അന്താരാഷ്ട്ര താരം കിസൻ തദ്വിക്കിനാണ് വെള്ളി (30:57.12). കൊൽക്കത്ത സർവകലാശാലയുടെ സന്തോഷ് യാദവ് (30.57.29) വെങ്കലം സ്വന്തമാക്കി. ആദ്യ ലാപ്പ് മുതൽ ട്രാക്കിൽ വ്യക്തമായ ആധിപത്യം നിലനിർത്തിയ നരേന്ദ്ര, കഴിഞ്ഞവർഷം മംഗളൂരു സർവകലാശാലയുടെആർ. പട്ടേൽകുമാർ സ്ഥാപിച്ച (29:45.81 സെക്കൻഡ്) റെക്കോഡ് മറികടന്നു. നാസിക് സായിയിലെ താരമായ നരേന്ദ്ര ഇന്ത്യൻ പരിശീലകൻ വിജേന്ദ്രസിങ്ങിന്റെ ശിഷ്യനാണ്. വനിതകളുടെ 10,000 മീറ്ററിൽ (36:00.32 സെക്കൻഡ്) പുണെ സർവകലാശാലയുടെ പൂനം സോനു സ്വർണം നേടി. വാരാണസി മഹാത്മഗാന്ധി കാശി സർവകലാശാലയിലെ കെ.എം. അമൃത പട്ടേൽ (36:01.98) വെള്ളിയും റോത്തക് മഹർഷി ദയാനന്ദ് സർവകലാശാലയുടെ സോനിക (36:02.04) വെങ്കലവും നേടി. അതിവേഗക്കാരെ ഇന്നറിയാം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുരുഷ-വനിത വിഭാഗം 100 മീ. മത്സരംനടക്കും. തുടർന്ന് 800 മീ. ഫൈനലുമുണ്ടാകും. വെള്ളിയാഴ്ച ആകെ 12 ഫൈനലുണ്ട്. 20,000 മീ. പുരുഷ വിഭാഗം നടത്തം, 400 മീ. ഹർഡിൽസ്, വനിതകളുടെ 400 മീ. ഹർഡിൽസ്, വനിത ലോങ് ജമ്പ്, ഡിസ്കസ് ത്രോ, പുരുഷന്മാരുടെ ഹൈജമ്പ്, ഹാമർ ത്രോ, വനിതാ ജാവലിൻ എന്നീയിനങ്ങളിലും വെള്ളിയാഴ്ച ഫൈനലുണ്ട്. 100 മീറ്റർ വനിത വിഭാഗത്തിൽ കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയുടെ പി.എസ്. അക്ഷത, എസ്.എസ്. സ്നേഹ എന്നിവരും പുരുഷവിഭാഗത്തിൽ എം.ജി.യുടെതന്നെ ഓംകാർ നാഥ്, അതുൽ സേനൻ എന്നിവരും ഫൈനലിന് യോഗ്യത നേടി. Content Highlights:80th All India Inter University Athletic Championship 2019-20
from mathrubhumi.latestnews.rssfeed https://ift.tt/37o5xHQ
via
IFTTT