Breaking

Thursday, March 25, 2021

ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളൽ, പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

ചാവക്കാട്: ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥി അഡ്വ.നിവേദിതയുടെ നാമനിർദേശപത്രിക തള്ളിയ കാര്യത്തിൽ ബുധനാഴ്ചയും തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് പ്രതികരണമുണ്ടായില്ല. ഇതോടെ അഡ്വ. നിവേദിതയെ സ്ഥാനാർനാർഥിയാക്കാമെന്ന ബി.ജെ.പി. നേതൃത്വത്തിന്റെ അവസാന പ്രതീക്ഷയും മങ്ങി. പത്രിക തള്ളിയതിനെതിരേ നിവേദിത ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും പ്രതികൂലമായ വിധിയാണുണ്ടായത്. പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിവിധി വന്ന തിങ്കളാഴ്ച തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തു. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കാത്തിരുന്നെങ്കിലും ഉണ്ടാവാതിരുന്നതോടെ ബുധനാഴ്ച കൂടി കാക്കാമെന്ന് ബി.ജെ.പി.നേതൃത്വം കരുതി. എന്നാൽ, ബുധനാഴ്ചയും ഒരു പ്രതികരണവും തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഉണ്ടാവാതിരുന്നതോടെ ഇനി പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്ന നിലയിലേക്ക് ബി.ജെ.പി. നേതൃത്വമെത്തി. തീരുമാനമാവാതെ ഡി.എസ്.ജെ.പി. ചർച്ച ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി(ഡി.എസ്.ജെ.പി.)യുടെ സ്ഥാനാർഥി ദീലീപ് നായരെ പിന്തുണക്കുന്ന കാര്യത്തിൽ ബുധനാഴ്ചയും തീരുമാനമായില്ല. ഡി.എസ്.ജെ.പി.യുടെ സ്ഥാനാർഥിയെ പിന്തുണക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ എൻ.ഡി.എ. നേരിടുന്നതായാണ് അറിയുന്നത്. ജില്ലയിൽ ഗുരുവായുരിൽ മാത്രമേ ഡി.എസ്.ജെ.പി.ക്കു സ്ഥാനാർഥിയുള്ളൂവെങ്കിലും എൻ.ഡി.എ. സ്ഥാനാർഥികൾ മത്സരിക്കുന്ന മറ്റ് ജില്ലകളിലെ ഏതാനും മണ്ഡലങ്ങളിലും പാർട്ടിക്ക് സ്ഥാനാർഥികളുണ്ട്. ഒരേ സംസ്ഥാനത്തു തന്നെ മറ്റ് മണ്ഡലങ്ങളിൽ എൻ.ഡി.എ.യ്ക്കെതിരേ മത്സരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയെ ഗുരുവായൂരിൽ മാത്രം എൻ.ഡി.എ.യുടെ സ്ഥാനാർഥിയാക്കുന്നതെങ്ങനെയെന്നത് പ്രശ്നമാണ്. പിന്തുണക്കാര്യത്തിൽ ബി.ജെ.പി. സംസ്ഥാന നേതൃത്വമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിൽനിന്നുള്ള ബി.ജെ.പി.യുടെ ഒരു പ്രതിനിധിയും സംസ്ഥാന നേതൃത്വവുമാണ് ഡി.എസ്.ജെ.പി.യുമായി ചർച്ച നടത്തുന്നത്. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ ഉണ്ടായിരുന്നതിനാൽ സംസ്ഥാന നേതൃത്വത്തിന് വിഷയത്തിൽ ഇടപെടാൻ സമയം ലഭിക്കാതിരുന്നതും തീരുമാനമെടുക്കുന്നത് വൈകാൻ കാരണമായി. നിയമപോരാട്ടം തുടരുമെന്ന് അഡ്വ. നിവേദിത നീതി നിഷേധിക്കുന്ന നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥി അഡ്വ.നിവേദിത. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയോട് പോലും എന്താണ് പറയാനുള്ളതെന്ന് ചോദിക്കുന്ന നിയമമുള്ള നാട്ടിലാണ് നാമനിർദേശ പത്രികയിലെ നിസാരമായ തെറ്റുതിരുത്താനുള്ള സമയം പോലും അനുവദിക്കാതിരിക്കുന്നത്. ഇതിനെതിരേ നിയമപോരാട്ടം തുടരും. തനിക്ക് വേണ്ടി മാത്രമല്ല, ഈ പോരാട്ടമെന്നും ഒരു സ്ഥാനാർഥിക്കും ഇത്തരമൊരു അവസ്ഥ ഇനിയുണ്ടാവാതിരിക്കാനാണ് പോരാടുന്നതെന്നും അഡ്വ.നിവേദിത പറഞ്ഞു. Content Highlights: Kerala Assembly Election 2021


from mathrubhumi.latestnews.rssfeed https://ift.tt/3fgaSIi
via IFTTT