കൊച്ചി:ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത് വഴിതുറക്കുന്നത് അസാധാരണ നിയമനടപടികളിലേക്ക്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സ്വന്തംനിലയിലാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും പിന്നിൽ കേന്ദ്രസർക്കാർ തന്നെയാണെന്ന് വ്യക്തമാണ്. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറണമെന്നും ഉന്നയിച്ചിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരിക്കും ബുധനാഴ്ച കോടതിയിൽ ഹാജരാകുക. ക്രൈംബ്രാഞ്ചിനുവേണ്ടിയും സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകാനാണ് സാധ്യത. ഫലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏറ്റുമുട്ടലായി അത് മാറും. എഫ്.ഐ.ആർ. റദ്ദാക്കുക മാത്രമായിരുന്നു ആവശ്യമെങ്കിൽ അത്തരത്തിൽ ഹർജി ഫയൽചെയ്താൽ മതിയായിരുന്നു. ഇവിടെ റിട്ട് ഹർജിയാണ് നൽകിയിരിക്കുന്നത്. അതിലൂടെയാണ് എഫ്.ഐ.ആർ. റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. സാധാരണയായി ഇത്തരത്തിൽ രണ്ട് ആവശ്യങ്ങൾ ഒരേ ഹർജിയിൽ ഉന്നയിക്കാറില്ല. അസാധാരണ സാഹചര്യം ഉള്ളതിനാൽ ഇത്തരത്തിൽ ഹർജി നൽകിയതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ എം.ആർ. അഭിലാഷ് പറഞ്ഞത്. കേന്ദ്ര ഏജൻസിക്കെതിരേ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പേരിൽ സംസ്ഥാന ഏജൻസി കേസെടുത്തതാണ് അസാധാരണ സാഹചര്യമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇ.ഡി. ഉദ്യോഗസ്ഥൻ സ്വന്തംനിലയിൽ ഫയൽചെയ്ത ഹർജിയോടൊപ്പം ഔദ്യോഗിക രേഖകളും കോടതിയിൽ സമർപ്പിച്ചത് ഗുരുതരപിഴവാണെന്ന അഭിപ്രായവും നിയമവൃത്തങ്ങൾ ഉന്നയിക്കുന്നു. കേസ് ഡയറിയും 161 സ്റ്റേറ്റുമെന്റുമൊക്കെ ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകൾ ഹാജരാക്കിയത് കോടതിയിലും ചോദ്യംചെയ്യപ്പെടും.
from mathrubhumi.latestnews.rssfeed https://ift.tt/39a46Qm
via
IFTTT