Breaking

Thursday, April 1, 2021

അധികാരത്തിനായി ഇടത് സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് മുഖ്യമന്ത്രി വ്യാജ വോട്ട് ചേര്‍ക്കുന്നു- ചെന്നിത്തല

ആലപ്പുഴ : അധികാരത്തിൽ തുടരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് വ്യാജവോട്ട് ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയാണ്. വ്യാജ പ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. വ്യാജവോട്ട് വിഷയത്തിൽ കോടതി ഇടപെടൽ മാത്രം പോര. ജനാധിപത്യം സംരക്ഷിക്കാൻ ജനകീയ ഇടപെടൽ ഉണ്ടാവണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "വ്യാജവോട്ട് വിഷയം തിരഞ്ഞടുപ്പ് കമ്മീഷൻകൂടുതൽ ഗൗരവമായെടുക്കണം. വ്യക്തമായ തിരഞ്ഞെടുപ്പ് അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് തടയാനുള്ള പ്രാഥമിക ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ആ ബാധ്യത നിറവേറ്റി കുറ്റമറ്റ തിരഞ്ഞെടുപ്പ് നടത്താൻ ഇനിയെങ്കിലും കമ്മീഷൻ ശ്രമിക്കണം. 4,34000 വ്യാജ വോട്ടർമാരുടെ തെളിവ് താൻ കൊടുത്തു. കമ്മീഷൻ കണ്ടെത്തിയത് 38,586 പേരെ മാത്രമാണ്. ഇതൊരു കാര്യക്ഷമമായ നടപടിയല്ല. വ്യാജവോട്ടർമാരെ സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ട് വരണംഠ, ചെന്നിത്തല പറഞ്ഞു. "കോടതി ഇടപെടൽ മാത്രം ഉണ്ടായിട്ട് കാര്യമില്ല. കോൺഗ്രസ് പ്രസിദ്ധീകരിച്ച സൈറ്റിൽ കയറി എല്ലാവരും തങ്ങളുടെ പേരിൽ കള്ളവോട്ടില്ല എന്ന് ഉറപ്പ് വരുത്തണം. സർക്കാരിനെതിരേനിലനിൽക്കുന്ന ജനവികാരത്തെ ഇത്തരം വ്യാജ വോട്ടിലൂടെ അട്ടിമറിക്കാൻ ഉള്ള സാധ്യത കണ്ടാണ് വോട്ടർ പട്ടിക പരിശോധിച്ചത്. ഇത്തവണ കള്ളവോട്ട് ജനങ്ങൾ തടയും. യഥാർഥ ജനവിധി ഉണ്ടാവും. കോൺഗ്രസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഒറ്റപ്പെട്ട തെറ്റുകൾ വന്നിട്ടുണ്ടാവാം. സ്പിങ്ക്ളർ ഉൾപ്പടെയുള്ള കമ്പനികളിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ച് കൃത്രിമമായ പ്രതിച്ഛായ സൃഷ്ടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. ഊതിപ്പെരുപ്പിച്ച് ഉണ്ടായ ബലൂണുകൾ പൊട്ടിയിരിക്കുകയാണ്. ആഴക്കടൽ കരാറിൽ ജനങ്ങളെ വഞ്ചിക്കാൻസർക്കാർ ശ്രമിക്കുകയാണ്. ഈ കരാർ റദ്ദാക്കാതെയാണ് റദ്ദാക്കി എന്ന് സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. എം.ഒ.യു റദ്ദാക്കിയതായുള്ള സർക്കാരിന്റെ ഉത്തരവ് ഇന്ന് ഇറങ്ങണമെന്ന് താൻ ആവശ്യപ്പെടുകയാണ്. നോട്ട് മാത്രം കാണിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാൻ സാധിക്കില്ല. ധാരണപത്രം ഉറപ്പിട്ടത് കെ.എസ്.ഐ.ഡി.സി ആണ് എന്ന സർക്കാർ വാദം തെറ്റാണ്. സർക്കാരിന്റെ കള്ളങ്ങൾ ഓരോ ദിവസവും പൊളിയുകയാണ്". ഇതിന് ജനങ്ങൾ മറുപടി നൽകുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Content Highlights: Ramesh Chennithala Press conference


from mathrubhumi.latestnews.rssfeed https://ift.tt/3rEHRZv
via IFTTT