Breaking

Tuesday, March 23, 2021

കഥ തുടരാൻ ഇന്ത്യ; ഇന്ന് മുതൽ ഏകദിന പോരാട്ടം

പുണെ: ഇക്കുറി ഇന്ത്യയിൽ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയ ഇംഗ്ലണ്ടിന് അഭിമാനിക്കാൻ കുറച്ചേയുള്ളൂ. ടെസ്റ്റ് പരമ്പര 3-1നും ട്വന്റി 20യിൽ 3-2നും ഇന്ത്യ ജയിച്ചു. രണ്ടുവട്ടവും ആദ്യ മത്സരം ജയിച്ചശേഷമാണ് ഇംഗ്ലണ്ട് പരമ്പര കൈവിട്ടത്. ഈ പാക്കേജിലെ അവസാന ഇനമായ ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ന് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കം. മൂന്നു മത്സരങ്ങളും പുണെയിലാണ്, മൂന്നും ഡേ നൈറ്റ് മത്സരവും. പുതുമുഖ താരങ്ങളുടെ മികവിൽ, പിന്നിൽനിന്ന് കയറിവന്ന് ട്വന്റി 20 പരമ്പര പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് ഇന്ത്യ. യുവതാരങ്ങൾ ഏകദിനത്തിലും അവസരം കാത്തിരിക്കുന്നതിനാൽ മുതിർന്ന താരങ്ങളും വെല്ലുവിളി നേരിടുന്നു. ഓപ്പണിങ്ങിൽ രോഹിത് ശർമ-ശിഖർ ധവാൻ സഖ്യം തന്നെയായിരിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി തിങ്കളാഴ്ച വ്യക്തമാക്കി. മൂന്നാമനായി കോലിയും. തുടർന്ന് ശ്രേയസ് അയ്യരും ഋഷഭ് പന്തും. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി കെ.എൽ. രാഹുലിനൊപ്പം ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നീ ഒാൾറൗണ്ടർമാരും മത്സരിക്കുന്നു. പേസ് ബൗളർമാരായി ഭുവനേശ്വർ കുമാർ, ശാർദൂൽ ഠാക്കൂർ, ടി. നടരാജൻ എന്നിവർക്കാണ് കൂടുതൽ സാധ്യത. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവരിലൊരാൾ. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും പേസർമാരെ സഹായിക്കാനുണ്ട്. എങ്കിലും ഹാർദിക് 10 ഓവർ ബൗൾ ചെയ്യുന്നത് സംശയകരമായതിനാൽ, ആറാമതൊരു ബൗളർ വേണ്ടിവരും. അതുകൊണ്ട് രാഹുലിനേക്കാൾ മുൻഗണന സ്പിൻ ഓൾറൗണ്ടർക്കായിരിക്കും. ഇംഗ്ലണ്ട് പേസ് നിരയിൽ ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്, പേസർമാരായ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവരില്ല. ജാസൺ റോയ്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ക്യാപ്റ്റൻ ഒയിൻ മോർഗൻ, ജോസ് ബട്ലർ എന്നിവർ ഉൾപ്പെട്ട മുൻനിര ബാറ്റിങ് ശക്തമാണ്. മാർക് വുഡ് നയിക്കുന്ന പേസ് വിഭാഗത്തിൽ ഓൾറൗണ്ടർമാരായ സാം കറൻ/ ടോം കറൻ എന്നിവരിലൊരാളും ഉണ്ടാകും. വിരാട് കോലിയുടെ പ്രിയ ഗ്രൗണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോലി ഏറ്റവും ഉയർന്ന സ്കോർ കുറിച്ചത് പുണെ സ്റ്റേഡിയത്തിലാണ്, 2019 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 254 റൺസുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ കോലി ഈ ഗ്രൗണ്ടിൽ രണ്ട് സെഞ്ചുറി നേടിയിട്ടുണ്ട്. ഏകദിനത്തിൽ 43 സെഞ്ചുറികൾക്ക് ഉടമയായ വിരാട് കോലി പക്ഷേ, 2019 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരേ 114 റൺസെടുത്തശേഷം നൂറ് കടന്നിട്ടില്ല. Content Highlights:India England ODI Series, Cricket, Virat Kohli, Rohit Sharma


from mathrubhumi.latestnews.rssfeed https://ift.tt/3vRah5O
via IFTTT