Breaking

Tuesday, March 9, 2021

ബാർലൈസൻസിന് കോഴ: മുൻമന്ത്രി കെ. ബാബുവിന് ക്ളീൻചിറ്റ്

കൊച്ചി: കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിന്റെയും ബാറുകൾക്കു സമീപമുള്ള മദ്യവിൽപ്പനശാലകൾ പൂട്ടുന്നതിന്റെയും മറവിൽ 100 കോടി രൂപയുടെ അഴിമതി ആരോപിക്കുന്ന കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. ആരോപണം തെളിയിക്കുന്ന തെളിവുകളില്ലാത്തതിനാൽ കേസിൽ തുടർനടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി. വസ്തുതാവിരുദ്ധമായ കേസാണെന്നതു കണക്കിലെടുത്ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്നാണ് വിജിലൻസ് സെൻട്രൽ റെയ്ഞ്ച് സൂപ്രണ്ട് നൽകിയിരിക്കുന്ന അന്തിമറിപ്പോർട്ടിൽ പറയുന്നത്. കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി.എം. രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തിയത്. ബാർലൈസൻസിനുള്ള ചില അപേക്ഷകൾ മാസങ്ങളോളം പിടിച്ചുവെച്ചപ്പോൾ ചിലതിൽ ഉടൻ തീരുമാനമെടുത്ത് ലൈസൻസ് നൽകി, കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ താത്‌പര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുത്തു, സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകൾക്കു സമീപമുള്ള മദ്യവിൽപ്പന ശാലകൾ പൂട്ടാൻ തീരുമാനമെടുത്തു, ബാർ ലൈസൻസ് പുതുക്കിനൽകാൻ കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വർഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്. ഓരോ ആരോപണങ്ങളും പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനമില്ലെന്നു കണ്ടെത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ക്വിക് വെരിഫിക്കേഷൻ നടത്തി ആരോപണത്തിൽ കഴന്പുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് 2016-ൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. എന്നാൽ, ലൈസൻസ് നൽകാൻ കെ. ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി നേരിട്ട് അനുഭവമില്ലെന്നാണ് ഹർജിക്കാരൻപോലും പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.2012-2016 കാലത്ത് കേരള ബാർ ഹോട്ടൽ അസോസിയേഷൻ 3.79 കോടി രൂപ പിരിച്ചതായി അസോസിയേഷന്റെ ഫയലുകളിൽ പറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് ബാറുകളുമായി ബന്ധപ്പെട്ട വിവിധ കേസുകൾ നടത്താൻ പിരിച്ചതാണെന്ന് ഫയലുകളിൽനിന്നു മനസ്സിലാകുമെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിൽ എതിർപക്ഷത്തിന്റെ വാദംകേട്ട് കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/3epCtq2
via IFTTT