Breaking

Sunday, January 24, 2021

ആലപ്പുഴ ബൈപ്പാസ്: ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌ എംപിയേയും മന്ത്രിമാരേയും 'വെട്ടി' കേന്ദ്രം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയക്കളി നടക്കുന്നതായി ആരോപണം. ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം.പിമാരായ എ.എം.ആരിഫിനെയും കെ.സി.വേണുഗോപാലിനെയും കേന്ദ്രം ഒഴിവാക്കി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരേയും എം.പിമാരേയും ഒഴിവാക്കിയിരിക്കുന്നത്. പട്ടികയിൽ തിരുത്തൽ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകരായി വരുന്നത് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. സംസ്ഥാനത്തിന് തങ്ങളുടെ നിർദേശം സമർപ്പിക്കാൻ മാത്രമേ സാധിക്കൂ. ജില്ലയിൽ നിന്നുളള മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരെ ഉദ്ഘാടന ചടങ്ങളിൽ ഉൾക്കൊളളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോൾ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫും ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. ബൈപ്പാസ് നിർമാണപ്രവർത്തനങ്ങളിൽ വലിയ സംഭാവന നൽകിയ ആളാണ് കെ.സി.വേണുഗോപാൽ. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രി ജി.സുധാകരൻ നിർദേശം തയ്യാറാക്കിയത്. എന്നാൽ നിതിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിർദേശത്തിൽ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി.മുരളീധരനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇതിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനൽകി. സ്ഥലം എം.പിയെ ഒഴിവാക്കുന്നത് പ്രോട്ടോക്കോൾ ലംഘനമാണ്. തങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പി.തിലോത്തമൻ പ്രതികരിച്ചു. ചടങ്ങിൽ നിന്ന് തങ്ങളെ ഒഴിവാക്കിയത് മര്യാദകേടും നീതികേടുമാണെന്നായിരുന്നു എം.പി. എ.എം.ആരിഫിന്റെ പ്രതികരണം. ഇത് പ്രോട്ടോക്കോൾ ലംഘനമാണ്. സാധാരണഗതിയിൽ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെടുക. ഇവിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനിലൂടെയാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എനിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാൽ പൊതുമരാമത്തിന് അയച്ച കരട് നിർദേശത്തിൽ ഞങ്ങളെ ഒഴിവാക്കിയതായാണ് അറിയുന്നത്. ഇത് വൈരുധ്യമാണ്. ഇതിനെതിരേ സംസ്ഥാന സർക്കാർ ശക്തമായി പ്രതികരിക്കണം. ഇതിനെതിരായി സ്പീക്കർക്കും ഇന്ത്യൻ പ്രധാനമന്ത്രിക്ക് പരാതികൊടുക്കും. ശക്തമായി പ്രതികരിക്കും. ഇത്തരം ജനാധിപത്യ വിരുദ്ധമായ നിർദേശത്തെ വെല്ലുവിളിക്കാനുളള തന്റേടം സംസ്ഥാന സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Alappuzha Bypass inauguration ceremony controversy


from mathrubhumi.latestnews.rssfeed https://ift.tt/3calg2L
via IFTTT