തിരുവനന്തപുരം: കേരള ബാങ്കിലെ പ്രധാന തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സി. വഴി വേണ്ടെന്ന് തീരുമാനം. സഹകരണം മുഖ്യവിഷയമായി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കുള്ള അവസരവും കുറച്ചു. ജില്ലാ സഹകരണ ബാങ്കുകളിൽ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് നൽകിയിരുന്ന സംവരണവും പരിമിതപ്പെടുത്തി. താഴ്ന്ന തസ്തികയിലുള്ളവർക്കുള്ള യോഗ്യതപോലും ഉയർന്ന തസ്തികയിലേക്ക് നിയമിക്കപ്പെടുന്നവർക്ക് വേണ്ടതില്ലെന്ന വൈരുധ്യവും കരട് നിയമനചട്ടത്തിലുണ്ട്. പി.എസ്.സി. നിയമനം ഏഴു തസ്തികകളിൽമാത്രംമനേജിങ് ഡയറക്ടർ മുതൽ പ്യൂൺവരെയുള്ള 20 ജനറൽ തസ്തികയിൽ ഏഴിൽമാത്രമാണ് പരിമിതമായ രീതിയിലെങ്കിലും പി.എസ്.സി. നിയമനമുള്ളത്. ഇതിൽ ഉയർന്നതലത്തിലെ ആദ്യ എട്ട് തസ്തികളിൽ ഏഴും പി.എസ്.സി.ക്ക് പുറത്താണ്. ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് മാത്രമാണ് 50 ശതമാനം പി.എസ്.സി. നിയമനം അംഗീകരിച്ചിട്ടുള്ളത്. ജില്ലാ സഹകരണ ബാങ്കുകളിലെ ജനറൽ മാനേജർ നിയമനം പി.എസ്.സി. വഴി മാത്രമായിരിക്കണമെന്നാണ് സഹകരണ ചട്ടത്തിലെ വ്യവസ്ഥ. ജനറൽ തസ്തികകളിൽ റിസപ്ഷനിസ്റ്റ്, സ്റ്റെനോ, ടൈപ്പിസ്റ്റ് എന്നിവയിൽമാത്രമാണ് പൂർണമായും പി.എസ്.സി. വഴി നിയമനമുള്ളത്. സഹകരണ ബാങ്കുകളിലെ നിയമനം പി.എസ്.സി.ക്ക് വിട്ട് ഇറക്കിയ ചട്ടത്തിന് വിരുദ്ധമായാണ് കേരള ബാങ്കിന്റെ നിയമനചട്ടത്തിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്.മാനേജിങ് ഡയറക്ടർ സർക്കാർ വകമാനേജിങ് ഡയറക്ടർ നിയമനം സർക്കാരാണ് നടത്തുക. അത് കഴിഞ്ഞാൽ എക്സിക്യുട്ടീവ് ഡയറക്ടർ എന്ന പുതിയ തസ്തികയാണ് ഉയർന്നതലത്തിലുള്ളത്. ഇതിലേക്ക് സ്ഥാനക്കയറ്റം വഴി നിയമിക്കാം. 20 വർഷം ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയമാണ് യോഗ്യത. വിദ്യാഭ്യാസയോഗ്യത നിർദേശിക്കുന്നില്ല. എക്സിക്യുട്ടീവ് ഡയറക്ടർക്ക് താഴെ നാലാമത്തെ തസ്തികയായ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് കേരളത്തിലെ സർവകലാശാലയിൽനിന്നെടുത്ത എം.ബി.എ. അല്ലെങ്കിൽ സി.എ. എന്നിവയും 15 വർഷത്തെ ബാങ്ക് പ്രവർത്തന പരിചയവുമാണ് വേണ്ടത്. ഡി.ജി.എം. തസ്തികയ്ക്ക് വേണ്ട യോഗ്യതപോലും എക്സിക്യുട്ടീവ് ഡയറക്ടറാകാൻ വേണ്ട. ഈ തസ്തികയിലേക്ക് വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കാത്തത് അയോഗ്യരായ ചിലർക്ക് സ്ഥാനക്കയറ്റം നൽകാൻ വേണ്ടിയാണെന്നാണ് ആരോപണം. ‘സഹകരണം’ വേണ്ടാനേരത്തേ ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുവരെ ‘സഹകരണം’ പഠിക്കണമെന്ന് നിർബന്ധമായിരുന്നു. ഇപ്പോൾ അത് ക്ലാർക്കിന് മാത്രമാക്കി. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 50 ശതമാനം പി.എസ്.സി. നിയമനമാണ്. ഇതിന് 60 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. കാർഷിക സർവകലാശാലയിലെ ബി.എസ്‌സി. (സഹകരണം) യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ 13 സഹകരണ പരിശീലന കോളേജിലെ എച്ച്.ഡി.സി.-ജെ.ഡി.സി. കോഴ്‌സുകൾ ഇതിന് ആവശ്യമില്ല. ക്ലാർക്ക്, കാഷ്യർ തസ്തികയിലേക്ക് മാത്രമാണ് ഈ രണ്ട് കോഴ്‌സുകളും യോഗ്യതയായി കണക്കാക്കുന്നത്. 4000-ത്തോളം വിദ്യാർഥികളാണ് ഓരോവർഷവും സഹകരണം പഠിച്ചിറങ്ങുന്നത്. അവരുടെ ഏക തൊഴിലവസരം സഹകരണ ബാങ്കുകളിലാണ്. അതാണ് കേരള ബാങ്കിൽ ആവശ്യമില്ലാതായിരിക്കുന്നത്. സൊസൈറ്റി സംവരണം കുറച്ചുജില്ലാ ബാങ്കുകളിലെ നിയമനത്തിന് മറ്റ് സഹകരണ സംഘങ്ങളിലെ യോഗ്യരായ ജീവനക്കാർക്ക് സംവരണമുണ്ടായിരുന്നു. ഇത് പ്രാഥമിക സഹകരണ ബാങ്കുകളിലെയും അർബൻ ബാങ്കുകളിലെയും ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി. അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിൽ പി.എസ്.സി. വഴി നിയമിക്കുന്ന 50 ശതമാനത്തിൽ 20 ശതമാനമാണ് സഹകരണ ജീവനക്കാർക്കുള്ള സംവരണം. ക്ലാർക്ക് തസ്തികയിൽ 75 ശതമാനമാണ് പി.എസ്.സി. നിയമനം. ഇതിൽ 50 ശതമാനമാണ് സഹകരണ ജീവനക്കാർക്കുള്ള സംവരണം. ഇതിലെല്ലാം ബാങ്കിതര സംഘങ്ങളിലെ ജീവനക്കാർ പരിഗണിക്കപ്പെടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3pjNVpX
via
IFTTT