തിരുവനന്തപുരം: പുതിയ വൈദ്യുതികണക്‌ഷൻ വേണമെങ്കിൽ 1912-ൽ വിളിക്കുക. ഫോൺനമ്പർ രജിസ്റ്റർചെയ്യുക. വൈദ്യുതിബോർഡ് ജീവനക്കാർ അപേക്ഷാഫോറം ഉൾപ്പെടെയുള്ള രേഖകളുമായി വീട്ടിലെത്തും. കണക്‌ഷൻ മാത്രമല്ല, ബോർഡിന്റെ പല സേവനവും ഇനി വീട്ടുപടിക്കലെത്തും. സർവീസ് അറ്റ് ഡോർസ്റ്റെപ് (വാതിൽപ്പടി സേവനം) സംസ്ഥാനത്ത് നടപ്പാക്കാൻ വൈദ്യുതിബോർഡ് തീരുമാനിച്ചു. ഫെബ്രുവരി ഒന്നുമുതൽ തിരഞ്ഞെടുത്ത 100 സെക്‌ഷൻ ഓഫീസുകളിൽ ഈ സേവനം ലഭ്യമാകുമെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. അടുത്ത ഘട്ടത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കും. പാലക്കാട് ഇലക്‌ട്രിക് സർക്കിളിലെ 39 സെക്‌ഷൻ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു. പുതിയ കണക്‌ഷൻ, കണക്‌ഷന്റെ ഉടമസ്ഥാവകാശമാറ്റം, ലോഡ്, താരിഫ് എന്നിവയുടെ മാറ്റം, വൈദ്യുതലൈനും മീറ്ററും മാറ്റൽ തുടങ്ങിയവയ്ക്ക് ഉപഭോക്താവ് ഇനി ഫോണിൽ വിളിച്ച് രജിസ്റ്റർചെയ്താൽ മതി. ഉപഭോക്താവിനെ ബന്ധപ്പെട്ട് അപേക്ഷ തയ്യാറാക്കുന്നതുമുതൽ സേവനം ഉറപ്പാക്കുന്നതുവരെയുള്ള നടപടികൾ വൈദ്യുതിബോർഡ് ജീവനക്കാർ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് വാതിൽപ്പടി സേവനം ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഈ സേവനങ്ങൾ കൂടുതൽ പ്രയോജനകരമാവുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ഇതിന്റെ നടത്തിപ്പുസംബന്ധിച്ച് മന്ത്രി എം.എം. മണി ജീവനക്കാരുമായി ചർച്ചനടത്തി. പദ്ധതിക്ക് ജീവനക്കാർ പിന്തുണ പ്രഖ്യാപിച്ചു. സേവനം വാതിൽപ്പടിയിലെത്താൻ * 1912-ൽ വിളിച്ച് ഫോൺനമ്പറും ആവശ്യവും രജിസ്റ്റർചെയ്യുക.* ബോർഡ് ഡോക്കറ്റ് നമ്പർ നൽകും.* സ്ഥലപരിശോധനാ സമയവും ഏതൊക്കെ രേഖകൾ കരുതണമെന്നും ഉദ്യോഗസ്ഥർ അറിയിക്കും.* സ്ഥലം പരിശോധിച്ച് വിവരങ്ങളും രേഖകളും മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തും. * ഫീസും ചെലവും ഓൺലൈനായോ നേരിട്ടോ അടയ്ക്കാം. * സേവനം ഉറപ്പാക്കുന്നതുവരെ ഉദ്യോഗസ്ഥമേൽനോട്ടം.
from mathrubhumi.latestnews.rssfeed https://ift.tt/2MgEsRA
via
IFTTT