തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.വി. തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ അനുനയശ്രമം വിജയിച്ചു. കെ.വി.തോമസിന് പാർട്ടിയിൽ ഉചിതമായ പദവി നൽകാനാണു ധാരണ. വൈകാതെ അദ്ദേഹത്തെ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റായി പ്രഖ്യാപിച്ചേക്കും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കാമെന്ന് അറിയിച്ചതെന്നാണു വിവരം.ഹൈക്കമാൻഡ് പ്രതിനിധികളായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഭാഗമായി കടുത്ത അവഗണനയാണ് താൻ നേരിടുന്നതെന്ന് അദ്ദേഹം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം സോണിയാ ഗാന്ധിയുമായും അദ്ദേഹം പങ്കുവെച്ചിരുന്നു. സോണിയാ ഗാന്ധി കഴിഞ്ഞദിവസം തോമസിനെ ഫോണിൽ വിളിച്ചതോടെയാണ് മഞ്ഞുരുകിയത്. തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ അപവാദപ്രചാരണങ്ങൾ നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്ത് പാർട്ടി കാര്യങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നും ഗെഹ്‌ലോത്തുമായി ഒറ്റയ്ക്കു നടത്തിയ ചർച്ചയിൽ അദ്ദേഹം അറിയിച്ചു. എന്നാൽ, പാർട്ടി വിടുമെന്ന പ്രചാരണം മാധ്യമങ്ങളിലുണ്ടായിട്ടും എന്തുകൊണ്ട് കെ.വി.തോമസ് നിഷേധിച്ചില്ലെന്ന സോണിയാ ഗാന്ധിയുടെ ചോദ്യത്തിന് ഇങ്ങനെ ആരോടും താൻ പറഞ്ഞിട്ടില്ലെന്നും അതിനാലാണ് നിഷേധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. പരാതികൾക്ക് വേഗത്തിൽ പരിഹാരമുണ്ടാക്കുമെന്ന് ചർച്ചയിൽ ഗെഹ്‌ലോത്ത് ഉറപ്പുനൽകി. കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും തനിക്കുള്ള ചില പരാതികൾ നേതൃത്വത്തെ അറിയിച്ചെന്നും തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ താൻ സീറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.വി. തോമസ് പാർട്ടിയിൽ തന്നെയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. കെ.വി.തോമസിന് സ്വാഭാവികമായി ചില പ്രശ്‌നങ്ങളുണ്ടായി. അത് ചർച്ച ചെയ്തുവരുന്നു. അദ്ദേഹം എങ്ങോട്ടും പോകില്ല- ചെന്നിത്തല പുറഞ്ഞു. അദ്ദേഹം മുതിർന്ന നേതാവാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ചില പ്രശ്‌നങ്ങൾ അദ്ദേഹം ഉന്നയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3p8NoHc
via
IFTTT