Breaking

Tuesday, January 26, 2021

നടനോ നേതാജിയോ... രാഷ്ട്രപതിഭവനിലെ ചിത്രം സിനിമയിലെ നടന്റേതെന്ന് ആക്ഷേപം

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവർഷാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതിഭവനിൽ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ലെന്ന് ആക്ഷേപം. 2019-ൽ ഇറങ്ങിയ 'ഗുംനാമി' എന്ന സിനിമയിൽ നേതാജിയായി അഭിനയിച്ച ബംഗാളി നടൻ പ്രസേൻജിത് ചാറ്റർജിയുടേതാണ് ഈ ചിത്രമെന്നാണ് വിമർശനം. ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ഈ ജീവചരിത്രസിനിമയിൽ പ്രസേൻജിത്തിന് നേതാജിയുമായി അപാരസാദൃശ്യമുണ്ടായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും നേതാജിയുടെ കുടുംബം നൽകിയ ചിത്രം നോക്കിയാണ് പദ്മശ്രീ നേടിയ കലാകാരൻ പരേഷ് മൈതി ഛായാചിത്രം വരച്ചതെന്നും ബി.ജെ.പി. നേതൃത്വം പ്രതികരിച്ചു. നേതാജിയുടെ ഏതു ബന്ധുവാണ് ചിത്രം നൽകിയതെന്നു വ്യക്തമാക്കിയില്ല. ഛായാചിത്രം മാറിപ്പോയെന്ന് ആക്ഷേപിച്ച് ഒട്ടേറെപ്പേരാണ് സാമൂഹികമാധ്യമങ്ങളിലെത്തിയത്. തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയും ചിത്രം മാറിയതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. “രാമക്ഷേത്രത്തിന് അഞ്ചുലക്ഷം രൂപ സംഭാവന നൽകിയശേഷം പ്രസേൻജിത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി നേതാജിയെ ആദരിച്ചിരിക്കുന്നു. ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ. കാരണം, ഈ സർക്കാരിന് അതിനു കഴിയില്ല” എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. പിന്നീട് അവർ ഇത് ഡിലീറ്റ് ചെയ്തു. ഗാന്ധി സിനിമയിൽ മാഹാത്മാ ഗാന്ധിയെ അവതരിപ്പിച്ച ബെൻ കിങ്സ്ലിയുടെ ഛായാചിത്രം ഗാന്ധിജിയുടേതെന്നു പറഞ്ഞ് അനാച്ഛാദനം ചെയ്യൂ, നരേന്ദ്ര മോദിയെന്നു പറഞ്ഞ് വിവേക് ഒബ്റോയുടെ ഛായാചിത്രം തൂക്കൂ എന്നുപറഞ്ഞ് ഒട്ടേറെ പരിഹാസങ്ങളും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. content highlights: controversy over netaji subhash chandraboses photo in rashtrapati bhavan


from mathrubhumi.latestnews.rssfeed https://ift.tt/2Yebgxf
via IFTTT