തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത ശരിയാണെങ്കിൽ സ്പീക്കർക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിൽ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കർ തന്നെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർക്കടത്ത് കേസിൽ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കിൽ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നതിന്റെ സൂചനയാണ് ഇപ്പോൾ സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്തയിലൂടെ പുറത്തുവരുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചു. വാർത്ത ശരിയാണെങ്കിൽ സ്പീക്കർ ആ സ്ഥാനം രാജിവെക്കണം. രാഷ്ട്രീയത്തിനതീതമായി കാണുന്ന ഒരു ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. സ്പീക്കർക്കെതിരെ സംശയമാണ് ഉയരുന്നതെങ്കിൽപോലും ആ സംശയനിവാരണം നടത്തുന്നതുവരെ ആ സ്ഥാനത്തിരിക്കാൻ പാടില്ലെന്നും ഫിറോസ് പ്രതികരിച്ചു. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കർക്കെതിരെ ഉണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകിയത്. Content Highlights:Ramesh Chennithala against Speaker P Sreeramakrishnan
from mathrubhumi.latestnews.rssfeed https://ift.tt/383JTMj
via
IFTTT