Breaking

Saturday, January 4, 2020

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം; ആശങ്കയിൽ ലോകം

വാഷിങ്ടൺ: ഖാസെം സുലൈമാനിയുടെ വധത്തോടെ പശ്ചിമേഷ്യ വീണ്ടും ആശങ്കയുടെ മുൾമുനയിൽ നിൽക്കുകയാണ്. തങ്ങളുടെ സൈനികമുഖം തകർത്ത യു.എസിനെതിരേ ഇറാൻ ശക്തമായിത്തന്നെ തിരിച്ചടിക്കുമെന്നു കരുതുന്നവരാണ് അധികവും. സുലൈമാനി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനികസാന്നിധ്യമുള്ള എല്ലായിടത്തും യു.എസ്. സുരക്ഷ വർധിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്. ഇറാഖിലെ തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്നു നാട്ടിലേക്ക് മടങ്ങാനും യു.എസ്. ഭരണകൂടം നിർദേശിച്ചു. ഇറാന് ശക്തമായ പ്രഹരമേല്പിക്കുകതന്നെയായിരുന്നു സുലൈമാനിയെ വധിച്ചതിലൂടെ യു.എസ്. ലക്ഷ്യമിട്ടത്. ഒപ്പം ഇസ്രയേൽ, സൗദി അറേബ്യ എന്നിവയടക്കമുള്ള സഖ്യകക്ഷികൾക്കു യു.എസിന്റെ ആക്രമണശക്തി കാണിച്ചുകൊടുക്കാനും ട്രംപിന് കഴിഞ്ഞു. ഇറാനിലെ പോലത്തന്നെ ഇറാഖിലും ഏറെ കരുതലോടെ വേണ്ടിവരും ഇനി യു.എസിന് ഇടപെടാൻ. ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുള്ള ബ്രിഗേഡ്സിന്റെ 25 അംഗങ്ങളെ യു.എസ്. വ്യോമാക്രമണത്തിൽ വധിച്ചതിൽ പ്രതിഷേധിച്ച് ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരെ ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. സുലൈമാനിക്കൊപ്പം ഹിസ്ബുള്ള ബ്രിഗേഡ്സ് നേതാവ് അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടത് ഇറാഖിൽ വലിയ യു.എസ്. വിരുദ്ധ പ്രക്ഷോഭങ്ങളിലേക്ക് വഴിതെളിക്കും. അയ്യായിരത്തിലേറെ യു.എസ്. സൈനികർ ഇപ്പോൾ ഇറാഖിലുണ്ട്. പശ്ചിമേഷ്യയിലെ ഇറാന്റെ സാന്നിധ്യം രസിക്കാതെ യു.എസ്. പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം വർധിച്ചുവരുന്നത് തടയാനുള്ള യു.എസ്. നീക്കമായാണ് സുലൈമാനി വധത്തെ നിരീക്ഷകർ കാണുന്നത്. ഇറാഖിനു പുറമേ ലെബനൻ, സിറിയ, യെമെൻ എന്നിവിടങ്ങളിൽ ഇറാൻ ശക്തമായ സാന്നിധ്യമായി വളരാൻ തുടങ്ങിയിരുന്നു. ഇവിടങ്ങളിൽ സായുധസംഘടനകൾക്ക് സൈനികപരിശീലനവും സാമ്പത്തികസഹായവും ആയുധങ്ങളും ഇറാൻ നൽകി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സുലൈമാനിയാണ്. 2003-ൽ സദ്ദാം ഹുസൈൻ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടതിനുശേഷം രാഷ്ട്രീയമായി അസ്ഥിരമാക്കപ്പെട്ട ഇറാഖിൽ ഇറാൻ തങ്ങളുടെ സൈനികപ്രവർത്തനം വ്യാപിപ്പിച്ചു. ലെബനനിൽ ഷിയാ ഇസ്ലാമിക സംഘടനയായ ഹിസ്ബുള്ളയ്ക്ക് ഇറാൻ പിന്തുണ നൽകി. ദീർഘകാലമായി ഇറാന്റെ സഖ്യകക്ഷിയായിരുന്നു സിറിയ. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ റഷ്യയ്ക്കൊപ്പം ചേർന്ന് സിറിയൻസർക്കാർ സൈന്യത്തെ പിന്തുണച്ച് ഇറാൻ സൈനികനടപടിയിൽ പങ്കാളികളായി. ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയതിനുപിന്നാലെ യു.എസ്. സിറിയയിൽനിന്ന് പിന്മാറിയതോടെ ഇറാൻ റഷ്യയെ കൂട്ടുപിടിച്ച് അവിടെ സ്വാധീനം വർധിപ്പിച്ചു. യെമെനിൽ 2014-ൽ യുദ്ധത്തിലേക്കു കടക്കുമ്പോൾ ഇറാന്റെ ഇടപെടൽ പരിമിതമായിരുന്നു. എന്നാൽ, 2015-ൽ ഇറാന്റെ ശത്രുവായ സൗദി അറേബ്യ ഹൂതി വിമതർക്കെതിരേ യുദ്ധത്തിൽ ഇടപെട്ടതോടെ ഇറാൻ ഹൂതികളെ പിന്തുണച്ച് രംഗത്തിറങ്ങി. ഇപ്പോഴും ഹൂതികൾക്ക് ആയുധപിന്തുണ നൽകുന്നത് ഇറാനാണ്. മേഖലയിൽ ഇറാൻ ശക്തിനേടുന്നത് യു.എസിനെ സംബന്ധിച്ച് ഭീഷണിയാണ്. അതുകൊണ്ടുതന്നെ ഇറാന്റെ ബുദ്ധികേന്ദ്രമായ സുലൈമാനിയെ വധിച്ച് അവരെ തളർത്തുന്നത് യു.എസിന് വലിയ ആശ്വാസം നൽകും. വധം ട്രംപിന്റെ ഉത്തരവുപ്രകാരം-പെൻറഗൺ പ്രസിഡൻറ്ഡൊണാൾഡ് ട്രംപിന്റെ ഉത്തരവു പ്രകാരമാണ് സുലൈമാനിയെ വധിച്ചതെന്ന് യു.എസ്. പ്രതിരോധവിഭാഗമായ പെൻറഗൺ വ്യക്തമാക്കി. ഇറാന്റെ പിന്തുണയോടെ പശ്ചിമേഷ്യയിലും മറ്റിടങ്ങളും പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായി സുലൈമാനിക്കു ബന്ധമുണ്ടെന്നും ഇവിടങ്ങളിൽ കൊല്ലപ്പെട്ട നൂറുകണക്കിന് യു.എസ്. സൈനികരുടെ രക്തത്തിൽ സുലൈമാനിക്ക് പങ്കുണ്ടെന്നും യു.എസ്. ആരോപിച്ചു. ഹിസ്ബുള്ള ബ്രിഗേഡ്സിനെ ലക്ഷ്യമിട്ട് യു.എസ്. ഇറാഖിൽ നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബാഗ്ദാദിലെ യു.എസ്. എംബസിയിൽ ആക്രമണമുണ്ടായതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഹിസ്ബുള്ള മുഹന്ദിസ് നേതാവും കൊല്ലപ്പെട്ടതോടെ ഇറാഖിലും യു.എസ്.വിരുദ്ധ പ്രക്ഷോഭം ശക്തമാകുമെന്നാണ് കരുതുന്നത്. ഇറാഖിലെ തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്കു മടങ്ങാൻ യു.എസ്. ഉത്തരവിട്ടിട്ടുണ്ട്. “ഇറാഖിലെയും പശ്ചിമേഷ്യയിലെയും യു.എസ്. നയതന്ത്രജ്ഞരെയും മറ്റുദ്യോഗസ്ഥരെയും ആക്രമിക്കാനുള്ള പദ്ധതിയുടെ ആസൂത്രണത്തിൽ സുലൈമാനി സജീവപങ്കാളിയായിരുന്നു.”-മാർക്ക് എസ്പെർ (യു.എസ്. പ്രതിരോധ സെക്രട്ടറി) പിന്തുണച്ചും പ്രതികൂലിച്ചും ലോകരാഷ്ട്രങ്ങൾ യുദ്ധത്തിലേക്ക് നയിക്കും ഇറാഖ് സൈനിക കമാൻഡർ മുഹന്ദിയെ വധിച്ച നടപടി ഇറാഖിനും അതിന്റെ സർക്കാരിനും ജനതയ്ക്കുമെതിരേയുള്ള പ്രകോപനമാണ്. ഇത് വിനാശകരമായ യുദ്ധത്തിനു തിരികൊളുത്തും. ഇറാഖ് മണ്ണിൽ യു.എസ്. സൈന്യത്തിന് അനുമതി നൽകിയ വ്യവസ്ഥകളുടെ ലംഘനവുമാണ്.-ആദേൽ അബ്ദേൽ മഹ്ദി (ഇറാഖ് ആക്ടിങ് പ്രധാനമന്ത്രി) ലോകം കൂടുതൽ അപകടത്തിൽ ഭീതിപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായിട്ടുള്ളത്. ലോകം കൂടുതൽ അപകടത്തിലേക്കു നീങ്ങുകയാണ്.-ഫ്രാൻസ് കൊലപാതകം സുലൈമാനി വധം യു.എസിന്റെ സാഹസിക നടപടിയായിപ്പോയി. ഇത് മേഖലയിൽ വലിയ ആശങ്കകൾക്കിടയാക്കും. ഇറാന്റെ ദേശീയതാത്പര്യത്തിനായി ആത്മാർഥതയോടെ പ്രവർത്തിച്ചയാളാണ് സുലൈമാനി.-റഷ്യ തിരിച്ചടിയുണ്ടാവും കൊലപാതകത്തിനു പിന്നിലെ ക്രിമിനലുകൾക്ക് ശക്തമായ ശിക്ഷ നൽകും.-ഹിസ്ബുള്ള (ലെബനൻ) ഭീരുക്കളുടെ പ്രകോപനം ഭീരുത്വപരമായ പ്രകോപനമാണ് യു.എസിന്റേത്.-സിറിയ വിദേശ ഇടപെടൽ വേണ്ട തുർക്കി എന്നും വിദേശ ഇടപെടലുകൾക്കെതിരായിരുന്നു. ഇത്തരം നീക്കങ്ങൾ മേഖലയിൽ വലിയ സംഘർഷം സൃഷ്ടിക്കും.-തുർക്കി യു.എസിന്റെ അവകാശം വളരെ വേഗത്തിൽ, ശക്തമായി പ്രവർത്തിച്ചതിന് യു.എസ്. പ്രസിഡന്റിന് അഭിനന്ദനങ്ങൾ. സ്വന്തം സുരക്ഷ ഉറപ്പുവരുത്തേണ്ട അവകാശം യു.എസിനുണ്ട്.-ബെഞ്ചമിൻ നെതന്യാഹു (ഇസ്രയേൽ പ്രസിഡന്റ്) Content Highlights:Fears of new conflict in Middle East, Iran and US


from mathrubhumi.latestnews.rssfeed https://ift.tt/2FliJBm
via IFTTT