Breaking

Thursday, January 16, 2020

നാലാം നമ്പറിലെ നൂലാമാലകള്‍

ക്രിക്കറ്റ് അക്കങ്ങളുടെ കളിയാണെങ്കിൽ അതിലെ മുൻനിരക്കാരനാണ് നാല്. ഉരുണ്ട് അതിർത്തി കടക്കുന്ന പന്ത് ബാറ്റിങ് ടീമിന്റെ അക്കൗണ്ടിലേക്ക് നാല് റൺസ് കൂട്ടിച്ചേർക്കുന്നതുപോലെ, ബാറ്റിങ് ഘടനയിലും നായകനായിത്തന്നെ നാലാം നമ്പറുണ്ട്. ഈ നാലിന്റെ പേരിലാണ് ഇന്ത്യൻ ക്രിക്കറ്റ് സമീപകാലത്ത് കലങ്ങിമറിയുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ കളിയിലും നാലാം നമ്പർ വില്ലനായി. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയെ കുഴക്കിയത് നാലാം നമ്പർ ബാറ്റ്സ്മാനായിരുന്നു. സെമിയിൽ തോറ്റു പുറത്താകുന്നതിനുമുമ്പ് നാല് പേർ നാലാം നമ്പറിൽ ഇന്ത്യക്കായി കളിച്ചു. അതിനുശേഷം ശ്രേയസ് അയ്യരിലൂടെ പരിഹാരം കണ്ടെത്തിയെങ്കിലും ഓസ്ട്രേലിയക്കെതിരായ മത്സരം നാലാം നമ്പർ ഭൂതത്തെ വീണ്ടും തുറന്നുവിട്ടു. ഫോമിലുള്ള മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ ഉൾപ്പെടുത്താൻ മൂന്നാം നമ്പർ ഒഴിഞ്ഞ് നാലിലേക്ക് മാറിയ നായകൻ വിരാട് കോലിയുടെ നീക്കം പിഴച്ചെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. അതിനെ സാധൂകരിക്കാൻ ഇന്ത്യയുടെ ദയനീയ തോൽവിയും മുന്നിലുണ്ട്. അടുത്ത കളിയിൽ പുനഃപരിശോധനയുണ്ടാകുമെന്ന് കോലിയും വ്യക്തമായിട്ടുണ്ട്. തിളങ്ങാതെ കോലി ശിഖർ ധവാൻ, രോഹിത് ശർമ, ലോകേഷ് രാഹുൽ എന്നിവരുടെ സേവനം ഒരുമിച്ച് ലഭിക്കുന്നതിന് വേണ്ടിയാണ് മൂന്നാം നമ്പറിൽനിന്ന് കോലി നാലിലേക്ക് മാറിയത്. നാലിൽ ഉറച്ചുവരികയായിരുന്ന ശ്രേയസ് അയ്യർ അഞ്ചിലേക്ക് നീങ്ങി. കളി കഴിഞ്ഞപ്പോൾ രണ്ട് പേർക്കും തിളങ്ങാനായില്ല. സമീപകാലത്ത് നാലാം നമ്പറിൽ കോലിക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസത്തേതടക്കം അവസാനത്തെ ഏഴ് ഇന്നിങ്സുകളിൽ 16, 7, 12, 11, 3, 4, 9 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. 2014-ലാണ് അവസാനമായി കോലി നാലാം നമ്പറിൽ സെഞ്ചുറിയും അർധസെഞ്ചുറിയും കണ്ടെത്തിയത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ. കരിയറിൽ നാലാം നമ്പറിൽ ഏഴ് സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും കോലിക്കുണ്ട്. എന്നാൽ മൂന്നാം നമ്പറിലെ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ വ്യത്യാസമുണ്ട്. ഉറപ്പോടെ ശ്രേയസ് വിൻഡീസിനെതിരേ ഇന്ത്യയിൽ നടന്ന പരമ്പരയിലാണ് ശ്രേയസ് അയ്യർ നാലാം നമ്പറിൽ ആദ്യമായി കളിക്കുന്നത്. രണ്ട് അർധസെഞ്ചുറികളുമായി താരം ന്യായീകരിക്കുകയും ചെയ്തു. അതിനുമുമ്പ് വിൻഡീസിനെതിരേ അവരുടെ നാട്ടിൽ അഞ്ചാം നമ്പറിൽ രണ്ട് അർധസെഞ്ചുറി നേടിയതാണ് സ്ഥാനക്കയറ്റം നൽകി പരീക്ഷിക്കാൻ കാരണം. കരിയറിന്റെ തുടക്കത്തിൽ മൂന്നാം നമ്പറിൽ ശ്രീലങ്കയ്ക്കെതിരേ ശ്രേയസ് രണ്ട് അർധസെഞ്ചുറി നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടി-20 യിലും നാലാം നമ്പറിൽ താരം അർധസെഞ്ചുറി നേടി. ലോകകപ്പിലെ നാല് ലോകകപ്പിൽ ഇന്ത്യൻ മാനേജ്മെന്റ് ഏറെ പഴികേട്ടത് നാലാം നമ്പറിൽ മികച്ച ബാറ്റ്സ്മാന്റെ അഭാവം കാരണമായിരുന്നു. ലോകേഷ് രാഹുൽ (ഒരു കളി, 26 റൺസ്), ഹാർദിക് പാണ്ഡ്യ (രണ്ട് കളി,74 റൺസ്), വിജയ് ശങ്കർ (രണ്ട് കളി 40 റൺസ്), ഋഷഭ് പന്ത് (നാല് കളി 116 റൺസ്) എന്നിവരെ പരീക്ഷിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ അജിൻക്യ രഹാനെ, ദിനേഷ് കാർത്തിക്, ലോകേഷ് രാഹുൽ, വിജയ് ശങ്കർ, മനീഷ് പാണ്ഡെ, മഹേന്ദ്ര സിങ് ധോനി, യുവരാജ് സിങ്, അമ്പാട്ടി റായ്ഡു, ഹാർദിക് പാണ്ഡ്യ, വിരാട് കോലി, പന്ത്, ശ്രേയസ് അയ്യർ, കേദാർ ജാദവ് തുടങ്ങിയവരെ ഇന്ത്യ പരീക്ഷിച്ചുകഴിഞ്ഞു. പാളിയ ഘടന ഓസ്ട്രേലിയക്കെതിരേ കോലി നാലാമനായപ്പോൾ അയ്യർ അഞ്ചിലും പന്ത് ആറാം നമ്പറിലും ഇറങ്ങി. ഇതോടെ രവീന്ദ്ര ജഡേജയടക്കം കൃത്യം അഞ്ച് ബൗളർമാരുമായി ഇന്ത്യക്ക് ഇറങ്ങേണ്ടിവന്നു. ആറാം ബൗളറെ പരീക്ഷിക്കാൻ അവസരമില്ലാതെ പോയി. കോലി മൂന്നിൽ ഇറങ്ങുകയും മൂന്ന് ഓപ്പണർമാരിലൊരാൾ പുറത്തിരിക്കുകയും ചെയ്താൽ ആറാം നമ്പറിൽ ഒരു ഓൾറൗണ്ടറെ ഉൾപ്പെടുത്താനും അതുവഴി ടീമിനെ സന്തുലിതമാക്കാനും കഴിയും. Content Highlights:batting order issue of indian cricket team


from mathrubhumi.latestnews.rssfeed https://ift.tt/2u2cYGk
via IFTTT