Breaking

Monday, January 20, 2020

തലപ്പത്ത് നഡ്ഡയെത്തും; നിയന്ത്രണം ഷായ്ക്കുതന്നെ

ബി.ജെ.പി.യുടെ പുതിയ അധ്യക്ഷനെ തിങ്കളാഴ്ച തിരഞ്ഞെടുക്കും. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയെ ഏകകണ്ഠമായി തിരഞ്ഞെടുക്കാനാണ് സാധ്യത. അഞ്ചുവർഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ് നഡ്ഡയുടെ നിയമനം. പാർട്ടി ദേശീയാസ്ഥാനത്ത് രാവിലെ 10-നു തിരഞ്ഞെടുപ്പുനടപടി തുടങ്ങും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് നഡ്ഡയ്ക്കായി നാമനിർദേശപത്രികകൾ സമർപ്പിക്കും. രണ്ടുമണിക്ക് സൂക്ഷ്മപരിശോധന നടക്കും. മറ്റാരും പത്രിക നൽകിയില്ലെങ്കിൽ നഡ്ഡയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കും. സാങ്കേതികമായി അധ്യക്ഷപദവിയൊഴിയുമെങ്കിലും പാർട്ടിയുടെ കടിഞ്ഞാൺ അമിത് ഷായുടെ കൈയിൽത്തന്നെയാകും. നഡ്ഡ അധ്യക്ഷനായാലും ബി.ജെ.പി.യുടെ നയങ്ങളിലോ നിലപാടുകളിലോ മാറ്റമുണ്ടാകില്ലെന്നർഥം. മോദി-ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ 'നിശ്ശബ്ദനായ സംഘാടകൻ' എന്നാണ് പാർട്ടിക്കുള്ളിൽ അറിയപ്പെടുന്നത്. ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു. ഒഴിയുന്നത് കരുത്തനായ നേതാവ് ഗുജറാത്ത് രാഷ്ട്രീയത്തിൽ മോദിയുടെ വലംകൈയായിരുന്ന അമിത് ഷാ 2014 ജൂലായ് ഒൻപതിനാണ് പാർട്ടിയധ്യക്ഷപദവി ഏറ്റെടുക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുചുമതല അമിത് ഷായ്ക്കായിരുന്നു. രാഷ്ട്രീയ-ജാതി സമവാക്യങ്ങൾ തിരുത്തിയെഴുതി യു.പി.യിൽ ബി.ജെ.പി.ക്കു ഭൂരിപക്ഷം നേടിയെടുത്ത ഷാ പിന്നീട് തന്റെ പ്രവർത്തനകേന്ദ്രം ഡൽഹിക്കു മാറ്റി. പാർട്ടി പ്രസിഡന്റായിരുന്ന രാജ്നാഥ് സിങ് ഒന്നാം മോദി മന്ത്രിസഭയിൽ അംഗമായതോടെയാണ് അമിത് ഷാ അധ്യക്ഷനായത്. സർക്കാരിൽ മോദിയും പാർട്ടിയിൽ ഷായും അജയ്യരായി. എതിർപ്പുയർത്തിയവരെ ഒന്നൊന്നായി ഒതുക്കി പാർട്ടി കൈപ്പിടിയിലാക്കാൻ ഷായ്ക്ക് അധികസമയം വേണ്ടിവന്നില്ല. രണ്ടാം മോദിമന്ത്രിസഭയിൽ ആഭ്യന്തരവകുപ്പോടെ ഷാ രണ്ടാമനായപ്പോൾ, പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജെ.പി. നഡ്ഡയെ വർക്കിങ് പ്രസിഡന്റാക്കി. കഴിഞ്ഞ ജൂലായിലായിരുന്നു നിയമനം. എങ്കിലും നിർണായകതീരുമാനങ്ങൾ കൈക്കൊണ്ടത് അമിത് ഷാതന്നെ. ഏറ്റവുമൊടുവിൽ പാർട്ടി സംസ്ഥാന പ്രസിഡന്റുമാരെ നിശ്ചയിച്ചതും ഷായുടെ നിർദേശപ്രകാരമായിരുന്നു. തുടർന്നും ഷാതന്നെയായിരിക്കും പാർട്ടിയിലും സർക്കാരിലും പ്രധാനശബ്ദം. പുതിയ പ്രസിഡന്റ് ബുധനാഴ്ചയാണ് ചുമതലയേൽക്കുക. ഡൽഹി, ബിഹാർ, ബംഗാൾ നിയമസഭാ തിരഞ്ഞടുപ്പുകളാണ് അദ്ദേഹത്തിന്റെ മുന്നിലെ വലിയ വെല്ലുവിളി. Content Highlights:J P Nadda BJP Amit Shah


from mathrubhumi.latestnews.rssfeed https://ift.tt/2NGQt0w
via IFTTT