Breaking

Tuesday, January 7, 2020

യു.എ.ഇ.യിൽ മതപരമായ അസഹിഷ്ണുത വളർത്തിയാൽ കടുത്തശിക്ഷ

ദുബായ്: യു.എ.ഇ.യിൽ മതത്തിന്റെപേരിൽ അസഹിഷ്ണുത വളർത്തുന്നവർക്ക് കടുത്തശിക്ഷ നൽകുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ്. മതപരമായ വിവേചനത്തിന് രാജ്യത്ത് സ്ഥാനമില്ല. അത്തരം കുറ്റകൃത്യങ്ങൾക്ക് അഞ്ചുവർഷം തടവും രണ്ടുകോടിരൂപ പിഴയും ലഭിക്കും. ഏതെങ്കിലും മതം, വിശുദ്ധഗ്രന്ഥങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെ അപമാനിക്കുന്ന ഏതൊരുപ്രവൃത്തിയും കുറ്റകൃത്യമായി കണക്കാക്കും. വ്യക്തികളെ ജാതി, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെതിരാണ് യു.എ.ഇ.യിലെ നിയമമെന്നും ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് വക്താവ് അമീന അൽ മസ്രൂയി പറഞ്ഞു. രാജ്യത്തുതാമസിച്ചുകൊണ്ട് ഫെയ്സ്ബുക്ക്, വാട്സാപ്പ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെയുള്ള മതനിന്ദയും അനുവദിക്കില്ല. സാമൂഹികമാധ്യമങ്ങളിലെ ഉള്ളടക്കം അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്. പരസ്പരം തിരിച്ചറിയില്ലെന്ന ധൈര്യത്തിൽ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകൾക്ക് ഓൺലൈനിൽ എന്തുംപറയാമെന്ന ധാരണ നല്ലതല്ല. അവർ തിരിച്ചറിയപ്പെടുകയും അവഹേളനങ്ങൾക്ക് നടപടി നേരിടേണ്ടിവരുകയുംചെയ്യും. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മുറിപ്പെടുത്താൻ ആർക്കും അധികാരമില്ല. എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവർക്ക് ന്യായമായ സേവനങ്ങളും നീതിയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് യു.എ.ഇ.യുടെ രീതി. മതം, ദേശീയത, സംസ്കാരം ഇവയൊന്നും നോക്കാതെ യു.എ.ഇ.യിൽ എല്ലാ മനുഷ്യർക്കും തുല്യനീതിയാണ് നൽകുന്നത്. മതം ഏതായാലും അതിലെ വിശുദ്ധകാര്യങ്ങളെ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങൾ അക്രമത്തിലൂടെ തടസ്സപ്പെടുത്തുക, ആരാധനാലയങ്ങളെയും അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെയും പവിത്രത നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്തശിക്ഷയാണ് ലഭിക്കുകയെന്നും അൽ മസ്രൂയി ചൂണ്ടിക്കാട്ടി. Content Highlights:UAE religious intolerance


from mathrubhumi.latestnews.rssfeed https://ift.tt/2QQnIiQ
via IFTTT