സിഡ്നി: മുൻ ലോക ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചിന്റെ മികവിൽ സെർബിയക്ക് പ്രഥമ എ.ടി.പി കപ്പ് കിരീടം. ഒരിക്കൽക്കൂടി ഹാർഡ് കോർട്ടിൽ ജോക്കോവിച്ചിനു മുന്നിൽ നദാൽ അടിയറവു പറഞ്ഞതോടെയാണ് 24 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ സെർബിയ കിരീടത്തിൽ മുത്തമിട്ടത് (2-1). സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിനെ കീഴടക്കിയ ജോക്കോവിച്ച് നിർണായക ഡബിൾസിൽ വിക്ടർ ട്രോയ്സ്കിക്കൊപ്പം ജയം നേടിയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. സെമിയിലും ക്വാർട്ടറിലും ഡബിൾസിൽ കളിച്ച നിക്കോള കാസിച്ചിനെ മാറ്റിയാണ് ജോക്കോ വിക്ടറിനൊപ്പം കളിക്കാനിറങ്ങിയത്. ആദ്യ സിംഗിൾസിൽ സ്പെയിനാണ് ജയിച്ചത്. കിരീടപോരാട്ടത്തിൽ ആദ്യ സിംഗിൾസിൽ സ്പാനിഷ് താരം റോബർട്ടോ ബൗറ്റിസ്റ്റ അഗുട്ട് സെർബിയയുടെ ദുസൻ ലജോവിച്ചിനെ കീഴടക്കി ടീമിന് ലീഡ് നൽകി (7-5, 6-1). സൂപ്പർതാരങ്ങൾ ഏറ്റുമുട്ടിയ രണ്ടാം സിംഗിൾസിൽ ജോക്കോ നഡാലിനെ കീഴടക്കി സെർബിയയെ ഒപ്പമെത്തിച്ചു (6-2,7-6). ഇതോടെ ഡബിൾസ് നിർണായകമായി. ജോക്കോ - വിക്ടർ സഖ്യം സ്പെയിനിന്റെ പാബ്ലോ കറെനോ ബുസ്റ്റ - ഫെലിസിയാനോ ലോപ്പസ് സഖ്യത്തെ (6-3, 6-4) മറികടന്ന് കപ്പിൽ മുത്തമിട്ടു. സെമിഫൈനലിൽ സെർബിയ റഷ്യയെയും സ്പെയിൻ ഓസ്ട്രേലിയയെയും തോൽപ്പിച്ചതോടെയാണ് ജോക്കോ - നദാൽ സിംഗിൾസിന് അരങ്ങൊരുങ്ങിയത്. Content Highlights:serbia wins Inaugural ATP Cup
from mathrubhumi.latestnews.rssfeed https://ift.tt/384UVh9
via
IFTTT