വാഷിങ്ടൺ: തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ പട്ടികയിലേക്ക് ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെയും സംഭവന. 1300 പ്രകാശവർഷമകലെ ഇരട്ട നക്ഷത്രങ്ങളെ ചുറ്റുന്ന ഒരു അന്യഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് വൂൾഫ് സുക്കിയർ (Wolf Cukier) എന്ന പതിനേഴുകാരൻ. നാസയുടെ ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്) നൽകിയ നിരീക്ഷണ ഡേറ്റയിൽ നിന്നാണ്, നാസയുടെ ഗോദാർഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിൽ ഇന്റേൺഷിപ്പിനെത്തിയ സുക്കിയർ ആ കണ്ടെത്തൽ നടത്തിയത്. ടി.ഒ.ഐ.1388 ബി എന്നാണ് അന്യഗ്രഹത്തിനു പേരു നൽകിയിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യം പരിഗണിച്ചാൽ നെപ്ട്യൂണിനും സാറ്റണിനും ഇടയിലാണ് ടി.ഒ.ഐ.1388 ബിയുടെ സ്ഥാനം. അത് ചുറ്റുന്ന നക്ഷത്രങ്ങളിലൊന്നിന് നമ്മുടെ സൂര്യനെ അപേക്ഷിച്ച് 15ശതമാനം കൂടുതൽ വലിപ്പമുണ്ട്. രണ്ടാമത്തെ നക്ഷത്രമാകട്ടെ താരതമ്യേന ചെറുതും. ടി.ഒ.ഐ.1388 ബി അടങ്ങുന്ന സംവിധാനം സ്ഥിതിചെയ്യുന്നിടത്ത് ഒരു സിഗ്നൽ കണ്ടതാണ്, സുക്കിയറിനെ കണ്ടെത്തലിലേക്ക് നയിച്ചത്. ആദ്യം ഞാൻ വിചാരിച്ചത് അത് നക്ഷത്ര ഗ്രഹണം ആയിരിക്കുമെന്നാണ്. എന്നാൽ സമയക്രമം തെറ്റായിരുന്നു. പിന്നീടാണ് അതൊരു ഗ്രഹമാണെന്ന് മനസിലായത്- സുക്കിയർ പറയുന്നു. അന്യഗ്രഹങ്ങൾ കണ്ടെത്താനായി 2018 ഏപ്രിലിലാണ് സ്പേസ് എക്സിന്റെ ഫാൽക്കൻ 9 റോക്കറ്റ് ടെസിനെ ഭ്രമണപഥത്തിലെത്തിച്ചത്. ആകാശത്തെ ഒരോ ചെറിയ ഭാഗവും, ഇടതടവില്ലാതെ 27 ദിവസം വീതം ടെസ് നിരീക്ഷിക്കും. ആ നിരീക്ഷണ വേളയിൽ ഒരോ 30 മിനുറ്റ് കൂടുമ്പോഴും, അത് ദൃശ്യങ്ങൾ ക്ലിക്ക് ചെയ്യും. അങ്ങനെ ലഭിക്കുന്ന ഡേറ്റയിലാണ് ഗവേഷകർ തിരച്ചിൽ നടത്തി, ഏതെങ്കിലും നക്ഷത്രത്തിന് മങ്ങളുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക. നക്ഷത്രവെളിച്ചത്തിൽ മങ്ങൽ കണ്ടാൽ, അത് നക്ഷത്രത്തിന് മുന്നിലൂടെ നീങ്ങുന്ന ഗ്രഹം മൂലം സംഭവിക്കുന്നതാകാം. ഇതിന് സംതരണം (transit) എന്നാണ് പേര്. സംതരണവിദ്യയാണ് ഇരട്ട നക്ഷത്രങ്ങളെ ചുറ്റുന്ന അന്യഗ്രഹത്തെ തിരിച്ചറിയാൻ സുക്കിയറിനെ സഹായിച്ചത്. Content Highlights:17 year old discovers planet with two suns
from mathrubhumi.latestnews.rssfeed https://ift.tt/2tckEFH
via
IFTTT