ദുബായ്: ഇറാനും യു.എസും തമ്മിലുള്ള സംഘർഷം രൂക്ഷമാവുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആശങ്കയാണ് ഗൾഫ്, അറബ് നാടുകളിലെല്ലാം. ഇപ്പോൾ സംഘർഷം ഇറാഖിൽ മാത്രമാണെങ്കിലും മേഖലയിലാകെ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്നു. അമേരിക്കയുടെ മറുപടി ഉണ്ടാവുമോ, ഇറാന്റെ അടുത്തനീക്കം എന്തായിരിക്കും എന്നൊക്കെയുള്ള ചർച്ചകളും പിരിമുറുക്കം സൃഷ്ടിക്കുന്നു. പല കാരണങ്ങളാലും ഇറാന് എതിരേയാണ് മിക്ക ഗൾഫ് രാജ്യങ്ങളും കുറേക്കാലമായി നിലകൊള്ളുന്നത്. സൗദിസഖ്യരാഷ്ട്രങ്ങൾ ഖത്തറിന് എതിരേ പ്രഖ്യാപിച്ച ഉപരോധം നേരത്തേത്തന്നെ ഗൾഫ് മേഖലയിൽ പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇറാനും തുർക്കിയുമാണ് ഈഘട്ടത്തിൽ ഖത്തറിന്റെ സഹായത്തിനെത്തിയത്. ഇറാനെതിരേ പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ഗൾഫ് രാജ്യങ്ങൾക്ക് യു.എസിന്റെ എല്ലാ തരത്തിലുള്ള സഹായവുമുണ്ട്. യെമെനിലെ ഹൂതി വിമതർക്ക് ആളും പടക്കോപ്പുകളും നൽകുന്നത് ഇറാനാണെന്ന് വർഷങ്ങളായി സൗദി അറേബ്യയ്ക്ക് പരാതിയുണ്ട്. സൗദിയിലെ അബഹ പോലുള്ള അതിർത്തി മേഖലകളിൽ ഇപ്പോഴും ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ ആക്രമണം നടത്തുന്നുമുണ്ട്. ഇതെല്ലാം ഇറാനെ സൗദി സഖ്യരാഷ്ട്രങ്ങളുടെ പൊതുശത്രുവാക്കിയിട്ടുണ്ട്. ഒട്ടേറെ അറബ്, ആഫ്രിക്കൻ രാജ്യങ്ങളും സൗദിയോടാണ് അനുഭാവം പുലർത്തുന്നത്. ഗൾഫ് മേഖലയുടെ രാഷ്ട്രീയചിത്രം ഇങ്ങനെയാണെങ്കിൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ഇറാഖിലുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ വിവിധ ഗൾഫ്, അറബ് നാടുകളിൽ ജീവിക്കുന്നുണ്ട്. ഇവിടെയുണ്ടാകുന്ന ചെറുചലനം പോലും അവരുടെ ജീവിതത്തിനും തൊഴിലിനുമെല്ലാം ഭീഷണിയുയർത്തുന്നതാണ്. നേരത്തേ കുവൈത്തിലുണ്ടായ പ്രശ്നങ്ങളും അതുണ്ടാക്കിയ പ്രതിസന്ധികളും ഇപ്പോഴും പ്രവാസികളും ലോകവും മറന്നിട്ടില്ല. സൗദി അറേബ്യയെപ്പോലെ തന്നെ ലോകത്തിലെ വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇറാനും. നേരത്തേ ആണവവിഷയത്തിൽ ഇറാന് എതിരായുണ്ടായ ഉപരോധവും അതുണ്ടാക്കിയ പ്രശ്നങ്ങളും വലിയൊരളവോളം പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും യു.എസും ഇറാനും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ലോകത്തിലെ എണ്ണ വിപണിയിലാണ് ഇതിന്റെ ആദ്യചലനം കണ്ടത്. എണ്ണയുടെ ഉദ്പാദനം മാത്രമല്ല, വിതരണത്തെയും ഇത് പ്രതിസന്ധിയിലാക്കുമെന്ന് ലോകം ഭയപ്പെടുന്നു. സംഘർഷമുണ്ടായി ഒറ്റ ദിവസം കൊണ്ടുതന്നെ എണ്ണവില ഉയർന്നത് എണ്ണ ലഭ്യതയെക്കുറിച്ചുള്ള ആശങ്ക കൊണ്ടുതന്നെയായിരുന്നു. സൗദി അറേബ്യയുമായി നേരത്തേതന്നെ ശത്രുപക്ഷത്ത് നിൽക്കുന്ന ഇറാന്റെ അതിർത്തിപങ്കിടുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ് എണ്ണക്കപ്പലുകൾക്ക് സഞ്ചരിക്കേണ്ടത്. ഇറാന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക സൗദിക്കും സഖ്യരാഷ്ട്രങ്ങൾക്കുമുണ്ട്. സൗദിയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ എണ്ണ, ചരക്കുനീക്കം നടത്തുന്നത് ഇറാനുമായി അതിർത്തി പങ്കിടുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, യു.എ.ഇ., ഒമാൻ എന്നീ രാജ്യങ്ങൾ അതിരു പങ്കിടുന്ന കടലിന്റെയും കടലിടുക്കിന്റെയും മറുഭാഗം ഇറാന്റെ അതിർത്തി മേഖലയാണ്. ഇതാണ് സൗദിസഖ്യത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനായി ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരങ്ങളിലെ രാജ്യങ്ങളുമായി സൗഹൃദംസ്ഥാപിക്കാനുള്ള നീക്കം സൗദിഅറേബ്യ തുടങ്ങിയിട്ടുണ്ട്. ഈജിപ്ത്, സുഡാൻ, ജിബൂതി, യെമെൻ, സോമാലിയ, ജോർദാൻ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളുമായി അവരുടെ അതിർത്തികളിലൂടെ ചരക്കുനീക്കത്തിനുള്ള കരാറിൽ ഇതിനകം സൗദി എത്തിയിട്ടുണ്ട്. എണ്ണ കടത്തിന് ബദൽമാർഗം എന്ന നിലയിലാണ് സൗദിയുടെ ഈ നീക്കം. പുതിയ സാഹചര്യത്തിൽ ഈ വഴി സൗദിക്കും സഖ്യരാഷ്ട്രങ്ങൾക്കും നിർണായകമായ ബദൽ പാദയാണ്. സൗദിയും ഇറാനും തമ്മിലുള്ള ഭിന്നതയ്ക്ക് വേറെയും കാരണങ്ങളുണ്ട്. ഷിയാ മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇറാൻ ഒരുകാലത്തും സൗദിയുടെ മേധാവിത്വത്തെ അംഗീകരിച്ചിട്ടില്ല. സുന്നി ഭൂരിപക്ഷമുള്ള ഗൾഫ്, അറബ് നാടുകളും സൗദിയോട് ആഭിമുഖ്യം പുലർത്തുന്നു. മക്ക, മദീന ഉൾപ്പെടെയുള്ള സൗദിയിലെ തീർഥാടന കേന്ദ്രങ്ങൾ ലോക മുസ്ലിങ്ങൾക്ക് ആകെ അവകാശപ്പെട്ടതാണെന്ന വാദമാണ് കുറേക്കാലമായി ഇറാൻ ഉന്നയിക്കുന്നത്. മുൻവർഷങ്ങളിലെ ഹജ്ജ് വേളകളിൽ ഇറാൻ ഇക്കാര്യം ലോകത്തിനുമുന്നിൽ ഉയർത്തിക്കാണിക്കാറുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇറാന്റെ വാദത്തെ സൗദിയും സഖ്യരാഷ്ട്രങ്ങളും പാടേ അവഗണിക്കുകയാണ്. അതോടൊപ്പം തന്നെ ഇറാൻ പലസ്ഥലത്തും അധിനിവേശം നടത്തിയെന്ന പരാതിയും യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കുണ്ട്. യു.എ.ഇ.ക്ക് അവകാശപ്പെട്ട ഒരു ദ്വീപ് വിട്ടുകിട്ടണമെന്ന യു.എ.ഇ.യുടെ ആവശ്യവും വർഷങ്ങളായി നിലനിൽക്കുന്നു. സൗദി സഖ്യരാഷ്ട്രങ്ങളോട് വലിയ സൗഹൃദം പുലർത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാനും നിർണായകമായ വ്യാപാരപങ്കാളിയാണ്. ഇറാനുമായും ഇന്ത്യയുടെ നയതന്ത്രം നല്ല നിലയിലുള്ളതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും പക്ഷത്ത് ചേരാൻ ഈ ഘട്ടത്തിൽ ഇന്ത്യ തയ്യാറാവില്ല. യു.എസ്സിനെ പിണക്കാനും ഇന്ത്യക്ക് ആവില്ല. ഫലത്തിൽ പശ്ചിമേഷ്യയിലേക്ക് തത്കാലം നോക്കിനിൽക്കാൻ മാത്രമേ ഇന്ത്യ മുതിരുകയുള്ളൂ. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയും ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, പ്രവാസികളെ സംബന്ധിച്ചിടത്തോളം നിസ്സാരമല്ല ഈ പ്രതിസന്ധികളും പ്രശ്നങ്ങളും. ആഗോള സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും നിലനിൽക്കെത്തന്നെയാണ് പുതിയ ആശങ്കകൾ. എണ്ണവില ഉയരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിപണിയുടെ സൂചന. ഇത് എല്ലായിടത്തും വിലക്കയറ്റത്തിന് ഇടയാക്കും. രൂപയുടെ മൂല്യം ഇടിഞ്ഞതും ഇതിന്റെ തുടർച്ചയാണ്. സ്വദേശിവത്കരണത്തോടെ എല്ലാ ഗൾഫ് നാടുകളിലും പ്രവാസികളുടെ തൊഴിലവസരം കുറഞ്ഞിട്ടുണ്ട്. മേഖലയിലെ പുതിയ പ്രതിസന്ധിയാകട്ടെ എല്ലാ തലത്തിലുമുള്ള ആശങ്ക വർധിപ്പിക്കുകയാണ്. content highlights:us-iran conflict affecting gulf region
from mathrubhumi.latestnews.rssfeed https://ift.tt/36CRazq
via
IFTTT