ആലപ്പുഴ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം കേരളത്തിൽ. ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും താരങ്ങളെയും സംസ്ഥാനത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. പുരവഞ്ചികളിലൂടെ കായൽക്കാഴ്ചകൾ കണ്ട്, ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാണ് ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നുവരെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മുൻ ഇന്ത്യൻ താരങ്ങളായ പ്രൊഫ. എൻ.ആർ. അനിൽകുമാർ, ഡോ. പി. മനോജ് കുമാർ, ജോ പറപ്പള്ളി എന്നിവരും നാല് ചെസ് പ്രേമികളും ചേർന്ന ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും ടൂർണമെന്റുകൾ. വിദേശത്തുനിന്നുൾപ്പെടെ നാൽപ്പതിലേറെ താരങ്ങൾ പങ്കെടുക്കും. ഭക്ഷണം, യാത്ര, താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. വിജയിക്ക് നാലുലക്ഷം രൂപവരെ സമ്മാനങ്ങളുമുണ്ട്. 64,000 രൂപയാണ് വിദേശതാരങ്ങളിൽനിന്ന് ഈടാക്കുന്നത്. സ്വദേശികൾക്ക് ഇളവുകളുണ്ടായിരിക്കും. ചിത്രീകരണം: വിജേഷ് വിശ്വം മത്സരവും ആഘോഷവും ഇങ്ങനെ... 27-ന് ആലപ്പുഴയിൽ പുരവഞ്ചിയിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. രാവിലെ രണ്ടു റൗണ്ട് മത്സരങ്ങൾ. ഉച്ചയ്ക്കുശേഷം പുരവഞ്ചിയിൽ കറക്കം. വൈകീട്ട് ആലപ്പുഴയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം. കളിക്കാർക്കായി സാംസ്കാരിക പരിപാടികൾ. 28-ന് രാവിലെ മത്സരം തുടരും. ആലപ്പുഴയിൽനിന്ന് പുരവഞ്ചിയിൽ കുമരകത്തേക്ക്. വൈകീട്ട് ആലപ്പുഴയിലേക്ക് മടക്കം 29-ന് ആലപ്പുഴയിൽനിന്ന് മാരാരി ബീച്ചിലേക്ക് ബസിൽ യാത്ര. മാരാരി ബീച്ച് റിസോർട്ടിൽ ടൂർണമെന്റ് തുടരും. വൈകീട്ട് എറണാകുളത്തേക്ക്. 30-ന് മത്സരമില്ല. എറണാകുളത്തെ പ്രധാന സഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം. റിസോർട്ടിൽ താമസം. വൈകീട്ട് സൗഹൃദമത്സരം 31-ന് രാവിലെ എറണാകുളത്തെ റിസോർട്ടിൽ താമസം. വൈകീട്ട് ചാലക്കുടി ഹെറിറ്റേജ് വില്ലേജിൽ. കേരളീയ ജീവിതത്തെ അടുത്തറിയുന്നതിനുള്ള സൗകര്യമൊരുക്കും. ഫെബ്രുവരി ഒന്നിന് ഹെറിറ്റേജ് വില്ലേജിൽ ടൂർണമെന്റിലെ അവസാന മത്സരം. തുടർന്ന് അതിരപ്പള്ളിയിലേക്ക്. വൈകീട്ട് സമാപനം. Content Highlights:Now enjoy the backwaters and play chess; Chess Tourism in kerala
from mathrubhumi.latestnews.rssfeed https://ift.tt/2FiyA3j
via
IFTTT