Breaking

Friday, January 24, 2020

അവഗണനയിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.എൽ.എ. രാജിവെച്ചു

അഹമ്മദാബാദ്: മണ്ഡലത്തോട് അവഗണന കാട്ടുന്നെന്നാരോപിച്ച് രാജിക്കത്ത് നൽകിയ എം.എൽ.എ.യെ അനുനയിപ്പിക്കാൻ ബി.ജെ.പി. നേതൃത്വം ശ്രമം തുടങ്ങി. വഡോദരയിലെ സാവലി എം.എൽ.എ. കേതൻ ഇനാംദാറാണ് കഴിഞ്ഞദിവസം സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. സ്പീക്കർ രാജി സ്വീകരിച്ചിട്ടില്ല. തന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും തുരങ്കം വെക്കുകയാണെന്ന് ആരോപിച്ചാണ് ഇനാംദാർ സ്പീക്കർ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് അയച്ചു കൊടുത്തത്. സാവലിയിലെ നഗരസഭാ കാര്യാലയത്തിലെ വൈദ്യുതി തന്റെ അപേക്ഷ മറികടന്ന് അധികൃതർ വിച്ഛേദിച്ചതും എം.എൽ.എ.യെ പ്രകോപിപ്പിച്ചു. തന്നെപ്പോലെ പല എം.എൽ.എ.മാരും അസുന്തഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. 2018 ജൂണിൽ ഇനാംദാറും ജില്ലയിലെ എം.എൽ.എ.മാരായ മധു ശ്രീവാസ്തവ, യോഗേഷ് പട്ടേൽ എന്നിവരും യോഗം ചേർന്ന് കലാപക്കൊടി ഉയർത്തിയതാണ്. പട്ടേലിനെ മന്ത്രിയും ശ്രീവാസ്തവയെ പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാനുമാക്കി പ്രശ്നം പരിഹരിച്ചു. ഇനാംദാറിന് പദവികളൊന്നും കിട്ടിയില്ല. മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള കേതൻ ഇനാംദാർ 2012-ൽ സീറ്റ് കിട്ടാതെവന്നപ്പോൾ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതാണ്. 2017-ൽ ബി.ജെ.പി. സ്ഥാനാർഥിയായി ജയിച്ചു. ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് അനുയായികൾ പലരും പാർട്ടി വിടുന്നതായി പ്രചാരണമുണ്ട്. എം.എൽ.എ.യുമായി പാർട്ടി അധ്യക്ഷൻ ജീത്തു വാഘാണി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം രാജി പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. രാജ്യസഭയിലെ ഒഴിവു വരുന്ന നാല് സീറ്റുകളിലേക്ക് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എം.എൽ.എ.യുടെ രാജിപ്രഖ്യാപനം ബി.ജെ.പി.ക്ക് തലവേദനയാണ്. ഇതിൽ നിലവിൽ ബി.ജെ.പി.ക്ക് മൂന്നും കോൺഗ്രസിന് ഒന്നും എം.പി.മാരുണ്ട്. 2017-ൽ എം.എൽ.എ.മാരുടെ എണ്ണം കുറഞ്ഞതിനാൽ ബി.ജെ.പി.ക്ക് മൂന്നാം സീറ്റ് നിലനിർത്തൽ എളുപ്പമല്ല. ഇതിനിടെയാണ് എം.എൽ.എ. കലാപക്കൊടി ഉയർത്തിയത്. Content Highlights:Gujarath BJP MLA resigns over ignorance


from mathrubhumi.latestnews.rssfeed https://ift.tt/37pQ1vA
via IFTTT