Breaking

Thursday, January 16, 2020

സന്തോഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചത് മസ്ജിദ് അങ്കണത്തില്‍

മേപ്പാടി: പ്രിയപ്പെട്ട സന്തോഷിനെ (കുട്ടൻ) അവസാനമായി കാണാൻ നാട്ടുകാർ ഓടിയെത്തിയത് കുന്നമ്പറ്റ ജുമാമസ്ജിദ് അങ്കണത്തിലേക്കായിരുന്നു. സൗഹൃദങ്ങളിൽ മതവും ജാതിയും പരിഗണിക്കാതെ ജീവിച്ച കുന്നമ്പറ്റക്കാർക്ക് സന്തോഷിനോടുള്ള അവസാനകരുതലായിരുന്നു അത്. കുന്നമ്പറ്റ ഒമ്പതാം നമ്പർ എന്ന റോഡുസൗകര്യമില്ലാത്ത പ്രദേശത്തായിരുന്നു സന്തോഷിന്റെ വീട്. മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നവർക്കുള്ള അസൗകര്യങ്ങൾ തിരിച്ചറിഞ്ഞാണ് കുന്നമ്പറ്റ ജുമാമസ്ജിദ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചത്. അവിടെ മതവും ജാതിയും വിലക്കായില്ല. കുന്നമ്പറ്റ കൊല്ലിയിൽ പരേതനായ കരുണാകരന്റെയും ഭാർഗവിയുടെയും മകനായ സന്തോഷ് (39) മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. മൃതദേഹം വീട്ടിലേക്കെത്തിക്കുന്നതിനുള്ള പ്രയാസമറിഞ്ഞാണ് കുന്നമ്പറ്റ ജുമാമസ്ജിദ് ഭാരവാഹികൾ മസ്ജിദ് അങ്കണത്തിൽ മൃതദേഹം വെക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുനൽകിയത്. വിവരം മസ്ജിദിൽനിന്നുതന്നെ മഹല്ലിലെ വിശ്വാസികളെ അറിയിച്ചു. തുടർന്ന് മഹല്ല് സെക്രട്ടറി ഇ.ടി. അബൂബക്കറിന്റെയും പ്രസിഡന്റ് എസ്. അബ്ബാസിന്റെയും നേതൃത്വത്തിൽ സൗകര്യമൊരുക്കി. പൊതുദർശനത്തിനുശേഷം കുന്നമ്പറ്റ ഹിന്ദുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഷാനിലയാണ് സന്തോഷിന്റെ ഭാര്യ. മക്കൾ: അബിൻ ദേവ്, ആദിദേവ്. പ്രാദേശിക ആഘോഷങ്ങളും എല്ലാവരും സഹകരിച്ചുതന്നെയാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തന്മാർക്ക് അന്നദാനവും ഒരുക്കിയിരുന്നു. നബിദിനത്തിൽ പ്രദേശത്തെ കുന്നമ്പറ്റ ഭഗവതി ശാസ്താക്ഷേത്രസമിതി മധുരവും വിളമ്പിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NvLLT6
via IFTTT