തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി കെ. ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസിൽ വിജിലൻസ് നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അതേസമയം തനിക്ക് വരവിൽ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ കുറ്റപത്രമെന്നും കെ.ബാബു എൻഫോഴ്സ്മെന്റിനെ അറിയിച്ചു. കെ.ബാബുവിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. കെ.ബാബുവിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും അദ്ദേഹത്തിന്റെ ഓഫീസുകളിലുമൊക്കെ പരിശോധന നടത്തിയപ്പോൾ എൻഫോഴ്സ്മെന്റും ഈ കേസ് ശ്രദ്ധിച്ചിരുന്നു. 150 കോടിയുടെ സാമ്പത്തിക ഇടപാടുകൾ കെ.ബാബുവിനും കൂട്ടർക്കുമെതിരേ വിജിലൻസ് തുടക്കത്തിൽ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റും കേസിൽ ഇടപെട്ടത്. എന്നാൽ വിജിലൻസ് അന്വേഷണം പൂർത്തിയായപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് 25 ലക്ഷമായി കുറഞ്ഞു. തന്റെ ആസ്തി വിവരങ്ങൾ കണക്കുകൂട്ടിയതിൽ വിജിലൻസിന് പിഴവ് സംഭവിച്ചുവെന്ന നിലപാടിലാണ് കെ. ബാബു. ഇത് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് കെ.ബാബുവിന്റെ മൊഴിയെടുത്തത്. തനിക്ക് കിട്ടിയ ട്രാവൽ, ഡെയ്ലി അലവൻസുകൾ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലൻസിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു. സാധാരണ ഗതിയിൽ വിജിലൻസ് കണ്ടെത്തിയ സമ്പാദ്യങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് നീങ്ങും. എന്നാൽ 25 ലക്ഷം മാത്രമാണ് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ബാബുവിന്റെ മറ്റ് ആസ്തികളും വിവരങ്ങളും വിജിലൻസ് തന്നെ കണ്ടെത്താതിരിക്കുന്നതിനാലും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം നടപടികൾ അവസാനിപ്പിക്കാനാണ് സാധ്യത. Content Highlights:Enforcement Directorate interrogated former Kerala Minister K Babu
from mathrubhumi.latestnews.rssfeed https://ift.tt/36irzuq
via
IFTTT