രാജകുമാരി(ഇടുക്കി): നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന്റെ ഗിയർ, വിദ്യാർഥി അബദ്ധത്തിൽ തട്ടിമാറ്റി. ന്യൂട്രലായ വാഹനം പത്ത് വിദ്യാർഥികളുമായി മുന്നിലെ ഇറക്കത്തിലേക്ക് ഉരുണ്ടു. സമീപത്തെ വീടിന്റെ ഭിത്തിയിലിടിച്ചുനിന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടുകുട്ടികളെ വല്ല്യുപ്പ രക്ഷിച്ചു. ബസിലെ വിദ്യാർഥികൾക്ക് നിസാരപരിക്കേറ്റു. ശാന്തൻപാറ പഞ്ചായത്ത് എൽ.പി.സ്കൂളിന്റെ മിനി ബസാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. ബസ് നിർത്തിയിട്ട് ഡ്രൈവർ ജയകുമാർ സ്കൂൾ ഓഫിസിലേക്കുപോയ സമയത്താണ് സംഭവം. 10 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഒരു വിദ്യാർഥി, ബസിന്റെ ഗിയറിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. വാഹനം, തൊട്ടടുത്ത് ഐക്കാട്ട് ഹനീഫയുടെ വീടിരിക്കുന്ന ഭാഗത്തേക്ക് ഉരുണ്ടു. ഹനീഫയുടെ മകന്റെ മക്കളായ സാമ(6), അൽ അമീൻ(4) എന്നിവർ വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു. വിദ്യാർഥികളുടെ കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ ഹനീഫ, ഉരുണ്ടുവരുന്ന ബസിന്റെ മുന്നിൽനിന്ന് കുട്ടികളെ എടുത്ത് ഓടി മാറി. ബസ് ഹനീഫയുടെ വീടിന്റെ ഭിത്തിയിൽ തട്ടിനിന്നു. ബസിലുണ്ടായിരുന്ന നിർമല ശ്രീനു, ജെറി മേരി, അൻപ് സെൽവി, അനീഷ് കുമാർ, വിനോദ്, അജയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് രാജകുമാരി ദേവമാതാ ആശുപത്രിയിൽ പ്രാഥമികചികിൽസ നൽകി. അലക്ഷ്യമായി സ്കൂൾ ബസ് നിർത്തിയിട്ട് അപകടമുണ്ടാക്കിയതിന് ഡ്രൈവർ ജയകുമാറിനെതിരേ കേസെടുക്കുമെന്ന് ശാന്തൻപാറ പോലീസ് പറഞ്ഞു. Content Highlights:a student shifted gear, school bus rams to wall in idukki
from mathrubhumi.latestnews.rssfeed https://ift.tt/2FaUNAp
via
IFTTT