Breaking

Wednesday, January 1, 2020

ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിച്ചേക്കും; നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍

ന്യൂഡൽഹി: ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്കനുകൂലമായി വോട്ടർപ്പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. വോട്ടർ ഐ.ഡി. കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിർദേശം തിരഞ്ഞെടുപ്പുകമ്മിഷൻ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ആധാർ നിർബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തുടർനടപടി നിലച്ചു. തുടർന്നാണ്, ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ തിരഞ്ഞെടുപ്പുകമ്മിഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചത്. സുപ്രീംകോടതി വിധി നിലവിലുള്ളതിനാൽ നിയമനിർമാണത്തിലൂടെയല്ലാതെ ആധാർനമ്പർ വ്യക്തികളിൽനിന്ന് നിർബന്ധപൂർവം ആവശ്യപ്പെടാനാവില്ല. പുതുതായി വോട്ടർ കാർഡിന് അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും ആധാർ നമ്പർ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷൻ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ 'മാതൃഭൂമി'യോട് പറഞ്ഞു. 2011 സെൻസസ് പ്രകാരം 121.09 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. 123 കോടിയോളം പേർക്ക് ഇതുവരെ ആധാർ കാർഡ് വിതരണംചെയ്തിട്ടുണ്ട്. ആധാർ ലഭിച്ചവരിൽ 35 കോടി പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 90 കോടിയോളം വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. അതിനാൽ മിക്കവാറും വോട്ടർമാർക്കെല്ലാം ആധാർ ഉണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. എങ്കിലും, ജനസംഖ്യ ഇപ്പോൾ 133 കോടിയോളമെത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഇതുപ്രകാരം രാജ്യത്ത് 10 കോടിയോളം ജനങ്ങൾ ഇനിയും ആധാർ ഇല്ലാത്തവരായുണ്ട്. ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുമ്പോൾ സർക്കാർ നേരിടാനിരിക്കുന്ന വെല്ലുവിളിയും ഇതാവും. Content Highlights:Aadhar Voter ID card


from mathrubhumi.latestnews.rssfeed https://ift.tt/2uajpHp
via IFTTT