ദീപ്തി രാജീവ് രക്തപരിശോധനയ്ക്കുള്ള ഉപകരണങ്ങളുമായി ഹരിപ്പാട്: പ്ലസ്ടുവും കംപ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സുമാണ് പള്ളിപ്പാട് കോട്ടയ്ക്കകം ചാത്തേത്ത് കിഴക്കതിൽ ദീപ്തി രാജീവിന്റെ യോഗ്യത. പക്ഷേ, ദീപ്തി ഇന്ന് മാസം സമ്പാദിക്കുന്നത് ഒരുലക്ഷത്തിന് മീതെയാണ്. ജീവിതശൈലീ രോഗനിർണയത്തിനുള്ള കുടുംബശ്രീയുടെ സാന്ത്വനം പദ്ധതയിലൂടെയാണ് ദീപ്തി സ്വപ്നതുല്യമായ വരുമാനം സ്വന്തമാക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി ആളുകളുടെ രക്തപരിശോധന നടത്തുകയാണ് സാന്ത്വനം വൊളന്റിയർമാർ ചെയ്യുന്നത്. ദീപ്തി ഇതിനൊപ്പം തന്നെ ആളുകൂടുന്നിടത്തെല്ലാം ബോധവത്കരണവുമായി ഇറങ്ങും. ഉത്സവങ്ങൾ, കുടുംബയോഗങ്ങൾ, രാഷ്ട്രീയകക്ഷികളുടെ യോഗങ്ങൾ, പള്ളിക്കൂടങ്ങൾ, സർക്കാർ ഓഫീസുകൾ... എല്ലായിടത്തും രക്തപരിശോധനാ ക്യാമ്പ് നടത്തും. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദം, ഹീമോഗ്ലോബിൻ എല്ലാം ചേർത്തുള്ള പരിശോധനയ്ക്ക് 180 രൂപ. പരിശോധനാ കിറ്റിന്റെ ചെലവ് കഴിഞ്ഞ് 100 രൂപ ലാഭം കിട്ടും. ശരാശരി മാസം ആയിരം പേരെയെങ്കിലും പരിശോധിക്കും. ക്യാമ്പ് നടത്തുന്ന ദിവസങ്ങളിൽ 100-150 പേരെയെങ്കിലും പരിശോധിക്കാറുണ്ടെന്ന് ദീപ്തി സമ്മതിക്കുന്നു. ആറുവർഷം മുൻപാണ് ദീപ്തി സാന്ത്വനം വൊളന്റിയറാകുന്നത്. പരിശീലനത്തിനുശേഷം ആദ്യം നാട്ടിലെ വീടുകളിലാണ് പരിശോധനയ്ക്ക് പോയിരുന്നത്. വായ്പയെടുത്ത് സ്കൂട്ടർ വാങ്ങിയതോടെ മറ്റ് സ്ഥലങ്ങളിലും എത്തിത്തുടങ്ങി. അപ്പോൾത്തന്നെ ഫലം കൊടുക്കും. ചികിത്സ വേണ്ടവരെ അക്കാര്യം ബോധ്യപ്പെടുത്തും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കിടപ്പുരോഗികൾക്ക് സൗജന്യ രക്തപരിശോധന നടത്താനും ദീപ്തി മടിക്കാറില്ല. രാജീവാണ് ഭർത്താവ്. വിദ്യാർഥികളായ ഹരിഹരപുത്രനും ശ്രീഭദ്രയും മക്കളാണ് ദീപ്തിയെ മാതൃകയാക്കണം ദീപ്തിയെപ്പോലെ കേരളത്തിൽ 340 സാന്ത്വനം വൊളന്റിയർമാരാണുള്ളത്. ഇവരുടെ ശരാശരി വരുമാനം 25,000 രൂപ വരും. കഠിനാധ്വാനത്തിലൂടെ ദീപ്തി പ്രതിമാസം ഒരു ലക്ഷത്തിനുമീതെ സമ്പാദിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്ക് ഈ വിജയം വലിയ പ്രചോദനമാണ്. -അഖിലാ ദേവി, കുടുംബശ്രീ അസി. പ്രോഗ്രാം മാനേജർ
from mathrubhumi.latestnews.rssfeed https://ift.tt/2MKbQ0t
via
IFTTT